അസറുദ്ദീന്റെ വെടിക്കെട്ട് അർധസെഞ്ചുറി: അസമിനെതിരെ കേരളത്തിന് വമ്പൻ വിജയം

മൊഹാലിയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റ് മത്സരത്തിൽ അസമിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. എതിരാളികളെ ഒൻപത് വിക്കറ്റിന് തകർത്തെറിഞ്ഞാണ് കേരളം അനായാസ ജയം സ്വന്തമാക്കിയത്. ഓപ്പണിങ് ജോഡികളായ മുഹമ്മദ് അസറുദ്ദീന്റെയും രോഹൻ കുന്നുമ്മലിന്റെയും വെടിക്കെട്ട് പ്രകടനമാണ് ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റുചെയ്ത അസം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വെറും 12.3 ഓവറിൽ തന്നെ ലക്ഷ്യം മറികടന്നു. പുറത്താകാതെ 93 റൺസ് അടിച്ചെടുത്ത മുഹമ്മദ് അസറുദ്ദീനാണ് കളിയിലെ കേമൻ.
തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച തുടക്കമാണ് കേരള ഓപ്പണർമാർ കാഴ്ചവെച്ചത്. അസറുദ്ദീനും രോഹനും ക്രീസിലുണ്ടായിരുന്ന എട്ട് ഓവറുകളിൽ നിന്ന് ടീം സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 123 റൺസാണ്. ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് ഫോറുകൾ പായിച്ച് ഇരുവരും ആത്മവിശ്വാസത്തോടെ തുടങ്ങി. എതിർ ടീം ബോളർമാരെ നിലംതൊടാതെ പ്രഹരിച്ച ഇരുവരും നാലാം ഓവർ പൂർത്തിയാകുമ്പോഴേക്കും ടീം സ്കോർ അൻപത് കടത്തിയിരുന്നു.




