കെഎസ്ആർടിസി എസി ഫാസ്റ്റ് പാസഞ്ചർ: ശുചിമുറിയും വീൽചെയർ സൗകര്യവും ഇനി ബസുകളിൽ

കോട്ടയം ∙ യാത്രക്കാരുടെ സൗകര്യം മുൻനിർത്തി കെഎസ്ആർടിസി പുത്തൻ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിരത്തിലിറക്കുന്നു. അത്യാധുനിക ശുചിമുറി സൗകര്യങ്ങളും വീൽചെയർ കയറ്റാനുള്ള സംവിധാനവും ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്. മികച്ച സുരക്ഷയ്ക്കായി റിട്ടാർഡർ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ ഡീസൽ എൻജിനുകളാകും ഇത്തരം ബസുകളിൽ ഉപയോഗിക്കുക.
ഇതോടൊപ്പം പുതിയ നോൺ എസി ഫാസ്റ്റ് പാസഞ്ചർ ബസുകളും കോർപ്പറേഷൻ സ്വന്തമാക്കും. ഇതിൽ പത്ത് ശതമാനം ബസുകളിലും ഭിന്നശേഷിക്കാർക്ക് വീൽചെയറുമായി സുഗമമായി പ്രവേശിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബസിന്റെ മധ്യഭാഗത്തോ അല്ലെങ്കിൽ പിൻവശത്തോ ആയിരിക്കും ശുചിമുറികൾ സജ്ജീകരിക്കുക. ഇതിനാവശ്യമായ ജലസംഭരണികളും മാലിന്യ ടാങ്കുകളും ബസിന്റെ ഷാസിക്ക് താഴെയായി ഘടിപ്പിക്കാനാണ് തീരുമാനം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഫയർ ഡിറ്റക്‌ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം, എമർജൻസി എക്‌സിറ്റ് എന്നിവയുണ്ടാകും. ഒപ്പം ഓരോ സീറ്റിലും സീറ്റ് ബെൽറ്റുകൾ, വായനയ്ക്കായി പ്രത്യേക ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവയും പുതിയ ബസുകളിൽ ലഭ്യമാകും.




