ചിന്നക്കനാലിലെ ചക്കക്കൊമ്പൻ: റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടങ്ങി

അരിക്കൊമ്പനെ പിടികൂടി കാടുകയറ്റിയതിന് പിന്നാലെ ഇടുക്കിയിൽ പുതിയ ആനദൗത്യത്തിന് അരങ്ങൊരുങ്ങുന്നു. ചിന്നക്കനാൽ പരിസരങ്ങളിൽ തമ്പടിച്ചിരിക്കുന്ന ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളർ അണിയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് ആരംഭിച്ചു. ഇതിനായി വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതോടെ ദൗത്യം നിർവഹിക്കാൻ രണ്ട് കുങ്കിയാനകളെ ഇടുക്കിയിലെത്തിച്ചു കഴിഞ്ഞു.
ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുമെങ്കിലും, ഈ ആനയെ കാട്ടിലേക്ക് മാറ്റുകയല്ല, മറിച്ച് ചിന്നക്കനാലിൽ തന്നെ തുടരാൻ അനുവദിക്കുകയാണ് ചെയ്യുക. ആനയുടെ ഓരോ ചലനവും കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ ജനവാസമേഖലകളിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതോടെ, മേഖലയിലെ മറ്റ് പ്രധാന കാട്ടാനകൾക്കും ഇതേ സംവിധാനം ഒരുക്കണമെന്ന ശക്തമായ ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
ചിന്നക്കനാൽ മേഖലയിൽ വിഹരിക്കുന്ന 17 കാട്ടാനകളിൽ പൂർണവളർച്ചയെത്തിയ ഏക കൊമ്പനാണ് 25 വയസ്സുള്ള ചക്കക്കൊമ്പൻ. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തോട്ടങ്ങളിൽ ഇറങ്ങി പ്ലാവിൽ നിന്ന് ചക്കകൾ പറിച്ചുതിന്നുന്ന ശീലമുള്ളതിനാലാണ് നാട്ടുകാർ ഇവന് ‘ചക്കക്കൊമ്പൻ’ എന്ന പേര് നൽകിയത്. എത്ര ഉയരത്തിലുള്ള പ്ലാവാണെങ്കിലും തുമ്പിക്കൈ നീട്ടി അനായാസം ചക്ക പറിച്ചെടുക്കുന്നതാണ് ഈ കൊമ്പന്റെ പ്രത്യേകത. ആനയുടെ ശല്യം ഭയന്ന് കൃഷിഭൂമിയിലെ പ്ലാവുകളിലുള്ള ചക്കകളെല്ലാം പഴുക്കും മുൻപേ വെട്ടിനശിപ്പിക്കാൻ നിർബന്ധിതരാവുകയാണ് ഇവിടുത്തെ കർഷകർ.




