NEWS

ഈ ക്രീം ഉപയോഗം അപകടകരം: തുറന്നുപറച്ചിലുമായി യുവതി, മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ

അരീക്കോട് ∙ സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് കൗമാരക്കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ പൊലീസ് നിയമനടപടി സ്വീകരിച്ചു. 17 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം.ആർ. ഹരിദാസാണ് കേസെടുത്തത്. വഞ്ചനാക്കുറ്റവും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതല എസ്എച്ച്ഒ എസ്.എസ്. വിഷ്ണുവിനാണ് നൽകിയിട്ടുള്ളത്.

അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ശരീരത്തിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തിയിരുന്നു. താൻ ഉപയോഗിച്ച ക്രീമാണ് രോഗത്തിന് കാരണമായതെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് പെൺകുട്ടിയുടെ ആവശ്യം. സംഭവത്തിൽ വിശദമായ അന്വേഷണവും കൂടുതൽ പരിശോധനകളും അനിവാര്യമാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മരുന്നു നിർമ്മാണ കമ്പനിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോന്നി എന്നിവിടങ്ങളിലായി കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കീഴിൽ മരുന്നുകളുടെ ഗുണനിലവാര പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് കോസ്മെറ്റിക് ടെസ്റ്റിങ് ലാബുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സൗന്ദര്യവർധക വസ്തുക്കളുടെയും സാമ്പിൾ പരിശോധന നടക്കേണ്ടത് ഇവിടെയാണ്. എന്നാൽ പ്രതിമാസം നൂറ് സാമ്പിളുകൾ മാത്രമേ ഇവിടെ പരിശോധിക്കാൻ സാധിക്കുന്നുള്ളൂ എന്നത് വെല്ലുവിളിയാണ്. കൃത്യസമയത്ത് പരിശോധനകൾ പൂർത്തിയാക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ഇതിലൂടെ വ്യക്തമാകുന്നു.

മലബാറിൽ മുപ്പതോളം ഫാർമസി കോളജുകളും അമ്പതിലേറെ മരുന്നുനിർമ്മാണ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മലബാർ മേഖലയിൽ സർക്കാർ തലത്തിൽ മരുന്ന്–കോസ്മെറ്റിക് ടെസ്റ്റിങ് ലാബുകൾ സ്ഥാപിക്കുന്നത് ഫാർമസി രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ‘ഫാർമ ഫെഡ്’ ഭാരവാഹികളുടെ അഭിപ്രായം.

Fashion ⏭️

Back to top button