NEWS

സൗദിയിലെ 17 പ്രധാന തസ്തികകളിൽ 50% സ്വദേശിവൽക്കരണം: പ്രവാസി പ്രഫഷനലുകൾക്ക് തിരിച്ചടി

ജിദ്ദ∙ സൗദി അറേബ്യയിലെ സ്വകാര്യ ധനകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശങ്കയുണർത്തിക്കൊണ്ട് 17 സുപ്രധാന തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കാൻ ഉത്തരവ്. സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സുമായി ചേർന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

2027 മേയ് 23 മുതൽ നിലവിൽ വരുന്ന ഈ പുതിയ നിയമം, മലയാളികൾ അടക്കമുള്ള ഒട്ടനവധി പ്രവാസി ഉദ്യോഗസ്ഥരുടെ ജോലി സാധ്യതകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. പുതുതായി പുറത്തിറക്കിയ ഉത്തരവനുസരിച്ച്, നിശ്ചിത തസ്തികകളിൽ രണ്ടോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും പകുതി ഒഴിവുകളിലും സൗദി പൗരന്മാരെ തന്നെ നിയമിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.

അതേസമയം, പ്രവാസി ജീവനക്കാർക്ക് പകരമായി യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ നിയമിക്കാൻ തയ്യാറാകുന്ന സ്ഥാപനങ്ങൾക്കായി മന്ത്രാലയം പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി പൗരന്മാരുടെ നിയമനം സുഗമമാക്കുന്നതിനുള്ള സഹായങ്ങൾ, അവരവർക്ക് ആവശ്യമായ പരിശീലനങ്ങൾ, തൊഴിലിടങ്ങളിൽ സ്ഥിരത ഉറപ്പുവരുത്തൽ, കൂടാതെ മറ്റ് സ്വദേശിവൽക്കരണ പദ്ധതികളിൽ മുൻഗണന നൽകൽ തുടങ്ങിയവയെല്ലാം ഈ പ്രോത്സാഹന പാക്കേജിന്റെ ഭാഗമായി ലഭ്യമാകും.

Fashion ⏭️

Back to top button