മോദിയുടെ ഭാഷാപരിജ്ഞാനത്തിൽ അത്ഭുതം പ്രകടിപ്പിച്ച് പുട്ടിൻ

മോസ്കോ: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും ഭാഷാപരമായ പ്രത്യേകതകളെയും വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചയിലെ വിശേഷങ്ങൾ പങ്കുവെക്കവേയാണ്, ഇന്ത്യൻ ഭാഷകളുടെ ബഹുസ്വരത തന്നെ അമ്പരപ്പിച്ചുവെന്ന് പുട്ടിൻ തുറന്നുപറഞ്ഞത്.
‘‘ലോകത്തിലെ ഏറ്റവും പഴക്കമേറിയ സംസ്കാരങ്ങളിൽ ഒന്നാണ് ഇന്ത്യയുടേത്. ആ സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്തോറും അതിശയം വർധിക്കുകയാണ്. മോദിയുമായുള്ള സംഭാഷണത്തിനിടെ, ഇന്ത്യയിൽ ഔദ്യോഗിക ഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് ഞാൻ ചോദിക്കുകയുണ്ടായി. ഏകദേശം 60 കോടി (600 ദശലക്ഷം) ആളുകൾ എന്ന് അദ്ദേഹം മറുപടി നൽകി. രാജ്യത്തെ മൊത്തം ജനസംഖ്യയെക്കുറിച്ച് വീണ്ടും ആരാഞ്ഞപ്പോൾ ഒന്നര ബില്യൺ (150 കോടി) ആളുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അപ്പോൾ ബാക്കി വരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഏത് ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഞാൻ ആകാംക്ഷയോടെ ചോദിച്ചു. ഭൂരിഭാഗം പേരും അവരവരുടെ മാതൃഭാഷകളിലാണ് സംസാരിക്കുന്നതെന്ന മോദിയുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ശരിക്കും ഇതൊരു അവിശ്വസനീയമായ കാര്യമാണ്’’ – പുട്ടിൻ അഭിമുഖത്തിൽ പറഞ്ഞു.




