കോഴിക്കോട് ബീച്ചിൽ ഷോപ്പിങ് മാൾ, 4 ഫൈവ് സ്റ്റാർ ഹോട്ടലുകൾ: കേരളത്തിൽ 2500 കോടിയുടെ നിക്ഷേപവുമായി ടാലൻമാർക്

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽറ്റി – ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ടാലൻമാർക്, കേരളത്തിന്റെ വികസന ഭൂപടത്തിൽ നിർണായക ചുവടുവെപ്പുമായി രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2500 കോടി രൂപയുടെ ബൃഹത്തായ റിയൽ എസ്റ്റേറ്റ് നിക്ഷേപ പദ്ധതികളാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് ആഡംബര പഞ്ചനക്ഷത്ര ഹോട്ടലുകൾ ടാലൻമാർക് നിർമിക്കും.
കോഴിക്കോട് നഗരത്തിൽ രണ്ടു ഹോട്ടലുകളും, വയനാട്, കൊച്ചി എന്നിവിടങ്ങളിൽ ഓരോ ഹോട്ടലുകൾ വീതവുമാണ് ഒരുങ്ങുന്നത്. 1700 കോടി രൂപയാണ് ഈ ഹോട്ടൽ ശൃംഖലയുടെ നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ ശ്രദ്ധേയമായ ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളെയാകും ഈ ഹോട്ടലുകളുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തുക. ഇതുകൂടാതെ, 800 കോടി രൂപ മുടക്കി ഹോസ്പിറ്റാലിറ്റി – റസിഡൻഷ്യൽ മേഖലകളിൽ മറ്റ് പദ്ധതികളും കമ്പനി നടപ്പിലാക്കുന്നുണ്ട്.
പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ, കോഴിക്കോട് 153, 126 എന്നിങ്ങനെ മുറികളുള്ള രണ്ടു ഹോട്ടലുകൾ ഉയരും. വയനാട്ടിൽ 126 മുറികളും കൊച്ചിയിൽ 153 മുറികളുമുള്ള അത്യാധുനിക ഹോട്ടലുകളും യാഥാർഥ്യമാകും. 2030-ഓടെ ഈ പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യമായാണ് ഒരു രാജ്യാന്തര നിലവാരമുള്ള ഹോസ്പിറ്റാലിറ്റി ബ്രാൻഡ് മലബാർ മേഖലയിലേക്ക് എത്തുന്നതെന്ന് ടാലൻമാർക് എംഡി എം.ഹബീബുറഹ്മാൻ, സഹസ്ഥാപകരും ഡയറക്ടർമാരുമായ എൻ.ഹിബത്തുല്ല, ടി.കെ.മുഹമ്മദ് ഷക്കീൽ, സിഇഒ നിഷാന്ത് നായർ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ ഹോസ്പിറ്റാലിറ്റി ബ്രാൻഡിന്റെ പേരും ബ്രാൻഡ് അംബാസഡറെയും സംബന്ധിച്ച വിവരങ്ങൾ വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കൂടാതെ, കോഴിക്കോട് ബീച്ചിൽ കേരള സർക്കാരുമായി ചേർന്ന് ഒരു ഷോപ്പിങ് മാൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.




