NEWS

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 9 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം, രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: മണ്ണന്തല സ്വദേശിയും ആർഎസ്എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖുമായിരുന്ന രഞ്ജിത്തിനെ (27) കടയ്ക്കുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം കഠിനതടവും ഓരോരുത്തർക്കും 95,000 രൂപ വീതം പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. സുധാകാന്താണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസിലെ ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ നൽകിയിരിക്കുന്നത്.

അമ്പലംമുക്ക് കൃഷ്ണകുമാർ, നാരായണൻ കുട്ടി, സിപിഎം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ. ഹരിപ്രസാദ്, സിഐടിയു ശിശുക്ഷേമ സമിതി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. അജികുമാർ, രഞ്ജിത് കുമാർ, സുരേഷ്, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കര സുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നിസ്, സുരേഷ് എന്നിവരടക്കമുള്ളവർക്കാണ് ശിക്ഷ ലഭിച്ചത്. 2008 ഒക്ടോബർ 17-ന് നടന്ന കൊലപാതകത്തിൽ 18 വർഷത്തെ നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. മൊത്തം 12 പ്രതികളുള്ള കേസിൽ, രണ്ടാം പ്രതി നാരായണൻകുട്ടി വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറി ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ടും അല്ലാതെയും പങ്കാളികളായ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി നിരീക്ഷിച്ചു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിനാലാണ് ഒന്നാം പ്രതി കൃഷ്ണകുമാറിനും പതിനൊന്നാം പ്രതി ഗോപാലൻ സുരേഷിനും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണാ വേളയിൽ ഇടുക്കിയിൽ ജോലി ചെയ്തിരുന്ന ഗണേശൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞുവെന്നും, അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്ത സുപ്രധാന രേഖ ഇയാൾ നശിപ്പിച്ചുവെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ വെളിപ്പെടുത്തി. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ ശുപാർശ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

41 സാക്ഷികളെ വിസ്തരിക്കുകയും 155 രേഖകളും 75 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തുകൊണ്ടായിരുന്നു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. രഞ്ജിത്തിന്റെ മാതാവ് മോളി രാജന്റെ ശക്തമായ ഇടപെടലുകളെത്തുടർന്ന് കായംകുളം സ്വദേശി പ്രതാപ് ജി. പടിക്കലിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു. ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി തുടങ്ങിയ അഭിഭാഷകരും പ്രോസിക്യൂഷൻ ഭാഗത്ത് ഹാജരായി.

Fashion ⏭️

Back to top button