SPORTS

അവസാന ഓവറിൽ 22 റൺസ്; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് ത്രില്ലർ ജയം

ധാക്ക (ബംഗ്ലദേശ്) ∙ ഏഷ്യാ കപ്പ് ബ്ലൈൻഡ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് അവിശ്വസനീയ വിജയം. ധാക്കയിലെ ബഷുന്ധര സ്പോർട്സ് സിറ്റിയിൽ നടന്ന പോരാട്ടത്തിൽ, അവസാന ഓവറിലെ അവസാന പന്തിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെയാണ് പാക്കിസ്ഥാൻ വിജയലക്ഷ്യം മറികടന്നത്. ഇരു ടീമുകളും മാറിമാറി ആധിപത്യം പുലർത്തിയ മത്സരത്തിൽ, ഇന്ത്യ നിശ്ചയിച്ച 180 റൺസ് എന്ന വിജയലക്ഷ്യം അവസാന പന്തിൽ പാക്കിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് പാക്ക് പട ലക്ഷ്യത്തിലെത്തിയത്.

ഇന്ത്യൻ ബാറ്റർമാരെ വലിയ സ്കോറുകളിലേക്ക് കുതിക്കാൻ അനുവദിക്കാത്ത വിധം കൃത്യതയാർന്ന ബൗളിംഗാണ് പാക്കിസ്ഥാൻ കാഴ്ചവെച്ചത്. നാല് ഓവറുകൾ എറിഞ്ഞ് വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് പിഴുത ബാബർ അലിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി നായകൻ നിസാർ അലി മുൻനിരയിൽ നിന്ന് നയിച്ചു. 51 പന്തുകൾ നേരിട്ട അദ്ദേഹം നാല് ബൗണ്ടറികളടക്കം 64 റൺസ് അടിച്ചെടുത്തു. മുഹമ്മദ് സഫ്ദർ 26 പന്തിൽ 31 റൺസ് നേടി മികച്ച പിന്തുണ നൽകുകയും ചെയ്തു.

19 ഓവറുകൾ പൂർത്തിയായപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ സമ്മർദ്ദത്തിലായതോടെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, അവസാന ഓവറിൽ കളിയുടെ നിയന്ത്രണം പാക്കിസ്ഥാൻ തിരിച്ചുപിടിക്കുകയായിരുന്നു. ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിലെ നാടകീയമായ മുന്നേറ്റമാണ് പാക്കിസ്ഥാന് ആവേശകരമായ ജയം സമ്മാനിച്ചത്.

Auto ⏭️

Back to top button