HEALTH

അടഞ്ഞ മുറികളിലും ശുദ്ധവായു; വായുസഞ്ചാരത്തിന് ഫലപ്രദമായ മാർഗങ്ങൾ

പുറത്തിറങ്ങുമ്പോൾ വായു മലിനീകരണത്തെ ഭയന്ന് മാസ്ക് ധരിക്കുന്ന നമ്മളിൽ പലരും വീടിനുള്ളിലെ വായുവിന്റെ നിലവാരത്തെക്കുറിച്ച് കാര്യമായി ചിന്തിക്കാറില്ല. വാതിലുകളും ജനലുകളും കൊട്ടിയടച്ചിട്ടാൽ പൊടിപടലങ്ങളും മലിനീകരണവും തടയാമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ഈ ധാരണ ഒട്ടും ശാസ്ത്രീയമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പാചകം പോലുള്ള ദൈനംദിന പ്രവർത്തികൾ വീടിനുള്ളിലെ വായുവിൽ അദൃശ്യമായ കണികകൾ പടരാൻ കാരണമാകും.

വീട് വൃത്തിയായി ഇരിക്കുന്നതുകൊണ്ട് മാത്രം അവിടെയുള്ള വായു ശുദ്ധമായിരിക്കണമെന്നില്ല. പുറത്തെ മലിനീകരണം രൂക്ഷമാകുമ്പോൾ, കണ്ണുകൾക്ക് കാണാൻ കഴിയാത്ത മാലിന്യങ്ങൾ എളുപ്പത്തിൽ വീടിനുള്ളിലേക്ക് കടന്നുകയറാം. വീടിന്റെ അകത്തളങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ വെന്റിലേഷനും നാം ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഗുരുഗ്രാമിലെ സീനിയർ പൾമണോളജി കൺസൾട്ടന്റായ ഡോ. പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടുന്നു.

“വാതിലുകളും ജനലുകളും അടച്ചിടുന്നത് ഒരു സുരക്ഷാബോധം നൽകുമെങ്കിലും, പുറത്തെ വായു മലിനീകരണം വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിനെ തടയാൻ അതിന് സാധിക്കില്ല. വീട് വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇൻഡോർ വായുവിനെ മലിനമാക്കാം. കുടിവെള്ളം ശുദ്ധീകരിക്കുന്ന കാര്യത്തിൽ നമ്മൾ കാണിക്കുന്ന ശ്രദ്ധ ഇൻഡോർ വായുവിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിലും പുലർത്തേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് ഇത് അത്യന്താപേക്ഷിതമാണ്,” ഡോ. ഗോയൽ വ്യക്തമാക്കി.

അടുക്കളയിലെ പാചക രീതികളും വെന്റിലേഷന്റെ അപര്യാപ്തതയും വീടിനുള്ളിലെ വായുവിനെ വഷളാക്കുന്നുണ്ട്. വറുക്കുന്നതും താളിക്കുന്നതും ഉൾപ്പെടെയുള്ള പാചകരീതികൾ വായുവിൽ അനേകം കണികകളെ സൃഷ്ടിക്കുന്നു. ഗ്ലെൻ കിച്ചൻ അപ്ലയൻസസിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസർ അമർപ്രീത് സിംഗ് മോദിയുടെ അഭിപ്രായത്തിൽ, പാചകസമയത്ത് അടുക്കളയിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് വായുവിലെ മാലിന്യങ്ങൾ കുറയ്ക്കാൻ സഹായിക്കുമെങ്കിലും, അവ സ്വാഭാവിക വെന്റിലേഷന് പകരമാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വീട്ടുപകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ പരിമിതികളെക്കുറിച്ചുള്ള അറിവ് ഉപഭോക്താക്കൾക്ക് ഉണ്ടായിരിക്കണം.

അകത്തളങ്ങളിലെ വായു ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

നല്ല വായുസഞ്ചാരം ഉറപ്പാക്കുക: വീടിനുള്ളിലെ വായു പുറത്തേക്കും ശുദ്ധവായു അകത്തേക്കും പ്രവേശിക്കാൻ ദിവസവും ജനലുകളും വാതിലുകളും അല്പനേരം തുറന്നിടുക. അടുക്കളയിലും കുളിമുറിയിലും എക്സോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കാൻ മറക്കരുത്.

അടുക്കളയിലെ മുൻകരുതലുകൾ: വറുക്കലും മറ്റും ചെയ്യുമ്പോൾ പുകയും അഴുക്കും പുറത്തുപോകാൻ ചിമ്മിനിയോ എക്സോസ്റ്റ് ഹുഡോ ഉപയോഗിക്കുക. ഭക്ഷണം കരിഞ്ഞുപോകാതെ ശ്രദ്ധിക്കുക. വിറകടുപ്പുകൾക്ക് പകരം എൽ.പി.ജി പോലുള്ള ക്ലീൻ ഫ്യുവൽ ഉപയോഗിക്കാൻ ശ്രമിക്കുക.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ: വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഇൻഡോർ ചെടികൾ വീട്ടിൽ വളർത്താം.

പൊടി നിയന്ത്രിക്കുക: തറയും ഫർണിച്ചറും വൃത്തിയാക്കാൻ ഉണങ്ങിയ തുണിക്ക് പകരം ഈർപ്പമുള്ള തുണിയോ വാക്വം ക്ലീനറോ ഉപയോഗിക്കുക. ഇത് പൊടിപടലങ്ങൾ വായുവിലേക്ക് പറന്നുയരുന്നത് തടയും. കാർപെറ്റുകൾ പതിവായി വൃത്തിയാക്കണം.

എയർ പ്യൂരിഫയറുകൾ: വായുവിന്റെ നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമെങ്കിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കാം, എന്നാൽ ഇത് വെന്റിലേഷന് പകരമാവില്ലെന്ന് ഓർക്കുക.

രാസവസ്തുക്കൾ ഒഴിവാക്കുക: കൃത്രിമ എയർ ഫ്രെഷ്‌നറുകൾ, കൊതുകുതിരികൾ, തീവ്രമായ രാസവസ്തുക്കൾ കലർന്ന ക്ലീനിംഗ് ലായനികൾ എന്നിവയ്ക്ക് പകരം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക.

Life Style ⏭️

Back to top button