തുലാവർഷം സജീവം: സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം നിരാശപ്പെടുത്തിയെങ്കിലും തുലാവർഷം സംസ്ഥാനത്ത് പ്രതീക്ഷയേകുന്ന കാഴ്ചയാണ് ഒരുക്കുന്നത്. എൽനിനോ പ്രതിഭാസത്തിന്റെ വെല്ലുവിളികൾക്കിടയിലും ഇടവേളകളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ചാണ് പുതിയ കാലാവസ്ഥാ വ്യതിയാനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതും ഇതിന്റെ ഭാഗമാണ്. ഈ മാസം ഇനിയും ന്യൂനമർദ്ദങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തുലാവർഷത്തിന്റെ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മഴ ലഭ്യത തൃപ്തികരമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ‘നോർമൽ’ അഥവാ സാധാരണ നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. 340 മി.മീ മഴ ലഭിക്കേണ്ടിടത്ത് 282.9 മി.മീ മഴ ഇതിനകം ലഭിച്ചു കഴിഞ്ഞു. വെറും 17 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്; 19 ശതമാനത്തിൽ കൂടുതൽ മഴ കുറയുമ്പോൾ മാത്രമാണ് അത് ‘മഴക്കുറവ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുക. തൃശൂർ ജില്ലയിൽ തുലാവർഷം തുടങ്ങിയ ശേഷം ലഭിച്ച മഴയിൽ 21 ശതമാനം വർധനവുണ്ടായിട്ടുണ്ട്. എന്നാൽ, മാഹിയിൽ കടുത്ത മഴക്കുറവാണ് അനുഭവപ്പെടുന്നത്. 291.9 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 18.4 മി.മീ മാത്രം ലഭിച്ച മാഹിയിൽ 94 ശതമാനത്തിന്റെ കുറവാണുള്ളത്.
മഴയിൽ കണ്ണുനട്ട് കെ.എസ്.ഇ.ബി
തുലാവർഷം സജീവമാകുന്നതിൽ കെ.എസ്.ഇ.ബിക്ക് വലിയ ആശ്വാസമാണുള്ളത്. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നത് വൈദ്യുതി ഉൽപ്പാദനത്തിന് ഗുണകരമാകുന്നതിനൊപ്പം, അന്തരീക്ഷത്തിലെ ചൂട് കുറയുന്നതോടെ വൈദ്യുതി ഉപഭോഗത്തിൽ വരുന്ന കുറവും ബോർഡിന് ആശ്വാസം നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോഗം വർധിച്ചാൽ വൈദ്യുതി പ്രതിസന്ധി ഉടലെടുക്കാൻ സാധ്യതയുള്ളതുകൊണ്ട് മഴ വരദാനമാണ്. നിലവിൽ സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഡാമുകളിൽ 65 ശതമാനത്തോളം വെള്ളമുണ്ട്; ഇടുക്കി ഡാമിൽ മാത്രം 63 ശതമാനം ജലശേഖരമാണുള്ളത്.
ഞായർ വരെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെലങ്കാനയുടെ കിഴക്കൻ ഭാഗങ്ങളിലും തീരദേശ ആന്ധ്രയ്ക്ക് മുകളിലുമായി നിലനിൽക്കുന്ന തീവ്രന്യൂനമർദ്ദം വടക്കോട്ട് നീങ്ങി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, ലക്ഷദ്വീപ് മേഖലയിലും തെക്കൻ തമിഴ്നാടിന് മുകളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴികൾ കേരളത്തിൽ മഴ സജീവമാക്കുന്നതിന് കാരണമാകുന്നു.




