മൂവാറ്റുപുഴ എംഡിഎംഎ കേസ്: രണ്ടുപേർ കൂടി പിടിയിൽ

മൂവാറ്റുപുഴയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് വലയിലാക്കി. ഇടുക്കി രാജാക്കാട് ആനപ്പാറ ഇടയാട്ടിൽ വീട്ടിൽ ഏഞ്ചൽ ഏലിയാസ് (30), ജെയ്സൺ ഫ്രാൻസിസ് (42) എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വെച്ച് 32 ഗ്രാം എംഡിഎംഎയുമായി മിനിമോൾ, ബഷീർ എന്നിവരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ രണ്ടുപേരെയും കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവർ. മയക്കുമരുന്ന് കടത്തും കവർച്ചയും അടക്കമുള്ള ഒട്ടേറെ കുറ്റകൃത്യങ്ങളിൽ ഏഞ്ചൽ ഏലിയാസ് മുൻപും ഉൾപ്പെട്ടിട്ടുണ്ട്. പോക്സോ കേസ്, പിടിച്ചുപറി, മർദ്ദനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ജെയ്സൺ ഫ്രാൻസിസ്.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, എസ്ഐമാരായ സുബിൻ ബാബു, ഷിബു മാത്യു, പോൾ മാത്യു, എഎസ്ഐമാരായ കെ.എ. അനസ്, കെ.എം. അനീഷ്, സിപിഒമാരായ ശ്രീജു രാജൻ, പി.എം. സിജാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.




