NEWS

പാലിന് വില കുറയ്ക്കില്ല: തൈരിന്റെ വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തി നന്ദിനി ; ബിജെപി, ഹോട്ടലുടമകൾ പ്രതിഷേധത്തിൽ

ബെംഗളൂരു: കഴിഞ്ഞ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പാൽ, തൈര് വില വർധനയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. പാലിന് എട്ടു രൂപയും തൈരിന് 14 രൂപ വരെയും വർധിപ്പിച്ച നടപടിക്കെതിരെ ബിജെപിയും ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷനും ശക്തമായ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പുനരാലോചന. നന്ദിനി ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്), തൈരിന്റെ വിലയിൽ രണ്ടു രൂപയുടെ കുറവ് വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, പാൽ വില വർധിപ്പിച്ച തീരുമാനം മാറ്റാൻ സർക്കാർ തയാറല്ലെന്ന് ശിവകുമാർ വ്യക്തമാക്കി. സംസ്ഥാനത്തെ 11 ലക്ഷത്തോളം വരുന്ന ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് ഈ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമിതമായ വില വർധന സാധാരണക്കാർക്കും വ്യാപാരികൾക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നായിരുന്നു ഹോട്ടലുടമകളുടെയും ബിജെപിയുടെയും പ്രധാന വിമർശനം. കെഎംഎഫ് അധികൃതരുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് തൈരിന്റെ വില കുറയ്ക്കാൻ ധാരണയായതെന്ന് ഡി.കെ.ശിവകുമാർ വെളിപ്പെടുത്തി. നേരത്തെ, 500 ഗ്രാം തൈരിന് 28 രൂപയിൽ നിന്ന് 34 രൂപയായും, ഒരു കിലോയുടേത് 54 രൂപയിൽ നിന്ന് 68 രൂപയായുമാണ് ഉയർത്തിയത്.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പാൽ ലിറ്ററിന് എട്ടു രൂപ വർധിപ്പിക്കാൻ തീരുമാനമെടുത്തത്. ഇതിൽ ഏഴു രൂപ കർഷകർക്കും ബാക്കി ഒരു രൂപ കെഎംഎഫിനും ലഭിക്കും വിധമാണ് ക്രമീകരണം. വിലക്കയറ്റത്തിനെതിരെ ബിജെപി മഹിളാ മോർച്ച ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശിവകുമാർ പ്രതികരിച്ചത്.

വില വർധനയിൽ ജനങ്ങൾക്ക് സ്വാഭാവികമായ അതൃപ്തിയുണ്ടാകാം, എന്നാൽ കുപ്പിവെള്ളത്തിന് വില കൂട്ടിയപ്പോൾ ആരും പ്രതിഷേധിച്ചിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജിഎസ്ടി ഇനത്തിൽ പണം കേന്ദ്രത്തിലേക്കാണ് പോകുന്നതെന്നും, തങ്ങളുടെ തീരുമാനം ലക്ഷക്കണക്കിന് കർഷകർക്ക് നേരിട്ട് ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ കർഷകർക്ക് മികച്ച വില ലഭിക്കുന്നതോടെ, സംസ്ഥാനത്തെ പാൽ ഉൽപന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന പ്രവണതയിൽ വലിയ കുറവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button