LIFESTYLE

പല്ല് കൊഴിക്കാൻ വാശിപിടിച്ച് നിതാര; ടൂത്ത് ഫെയറിയെ തേടി നിലയും നിതാരയും: വീഡിയോ വൈറൽ


നിലയും നിതാരയും

കുട്ടികളുടെ പാൽപല്ലുകൾ കൊഴിയുന്നതുമായി ബന്ധപ്പെട്ട് രസകരമായ ഒട്ടേറെ സങ്കൽപ്പങ്ങൾ ലോകമെമ്പാടുമുണ്ട്. പാൽപല്ല് കൊഴിഞ്ഞാൽ അത് തലയിണയ്‌ക്ക് അടിയിൽ വെച്ചുറങ്ങിയാൽ ‘ടൂത്ത് ഫെയറി’ വന്ന് അത് കൊണ്ടുപോകുമെന്നും പകരം മനോഹരമായൊരു സമ്മാനം നൽകുമെന്നുമുള്ള വിശ്വാസം അതിലൊന്നാണ്. ഈ മിത്തിങ്കിൽ വിശ്വസിച്ച്, തങ്ങളുടെ കൊഴിഞ്ഞുപോയ പല്ലുകൾ തലയിണയ്ക്കടിയിൽ ഒളിപ്പിച്ചുവെച്ച് കാത്തിരിക്കുന്ന രണ്ട് കുരുന്നുകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

മലയാളികളുടെ പ്രിയങ്കരരായ പേളി മാണിയുടെയും ശ്രീനിഷിന്റെയും മക്കളായ നിലയും നിതാരയുമാണ് ഈ വീഡിയോയിലെ താരങ്ങൾ. ടൂത്ത് ഫെയറിയെ കാത്തിരിക്കുന്ന കുട്ടികൾ പല്ലുകൾ വളരെ സൂക്ഷ്മതയോടെ ഒരു പേപ്പറിൽ പൊതിഞ്ഞുവെക്കുന്നത് വീഡിയോയിൽ കാണാം. ഈ പൊതി തലയിണയ്ക്കടിയിൽ വെക്കാൻ നില ഒരുങ്ങുമ്പോൾ, തനിക്കും അത് വേണമെന്ന വാശിയുമായി നിതാര എത്തുന്നുണ്ട്. പല്ല് നിലയുടേതായതുകൊണ്ട് അവൾ തന്നെ അത് വെക്കട്ടെ എന്ന് പേളി പറയുമ്പോൾ കുഞ്ഞു നിതാര സങ്കടപ്പെട്ട് മാറി നിൽക്കുന്നത് ഹൃദയസ്പർശിയാണ്. എന്നാൽ ഉടൻ തന്നെ നിതാരയെ ചേർത്തുപിടിച്ച്, ടൂത്ത് ഫെയറി നിതാരയ്ക്കും സമ്മാനം നൽകുമെന്ന് പറഞ്ഞ് പേളി അവളെ ആശ്വസിപ്പിക്കുന്നു. സങ്കടം മാറി ചിരിക്കുന്ന നിതാരയെയും, ശേഷം ഇരുവരും കെട്ടിപ്പിടിച്ചുറങ്ങുന്ന മനോഹരമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ സ്നേഹത്തോടെ കമന്റുകളുമായി എത്തുന്നത്. ടൂത്ത് ഫെയറി എത്തിയോ എന്ന് ചോദിക്കുന്നവരും, തങ്ങളുടെ കുട്ടിക്കാലത്തെയും മക്കളെക്കുറിച്ചുള്ള സമാനമായ അനുഭവങ്ങൾ പങ്കുവെക്കുന്നവരും നിരവധിയാണ്. കുട്ടികളുടെ പാൽപല്ല് കൊഴിയുന്നതിലെ സങ്കടം മാറ്റി, പകരം അവരുടെ മനസ്സിൽ കൗതുകവും സന്തോഷവും നിറയ്ക്കാൻ മാതാപിതാക്കൾ കണ്ടെത്തുന്ന മനോഹരമായൊരു സങ്കല്പമാണിത്. പാതിരാത്രിയിൽ ടൂത്ത് ഫെയറി എന്ന സാങ്കൽപ്പിക കഥാപാത്രം വന്ന് പല്ല് കൊണ്ടുപോയി സമ്മാനം നൽകുമെന്ന കഥ കുട്ടികളുടെ ലോകത്തെ വലിയൊരു അത്ഭുതമാണ്.

Sports ⏭️

Back to top button