NEWS
‘ജനമനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായി’: സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമർശിച്ച് പ്രതിനിധികൾ

കോഴിക്കോട് ∙ സിപിഎം വിശാല സംസ്ഥാന സമിതിയിലെ പൊതുചർച്ചയിൽ സംസ്ഥാന നേതൃത്വത്തെ വിമർശന ശരങ്ങൾ കൊണ്ട് മൂടി ജില്ലാ പ്രതിനിധികൾ. സംസ്ഥാന കമ്മറ്റിയുടെ അംഗീകാരത്തോടെ ഞായറാഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച കരട് റിപ്പോർട്ട് എന്ന വ്യാഖ്യാനത്തിൽ സംസ്ഥാന സമിതി പ്രതിനിധികൾക്കു പകരം ജില്ലാ കമ്മിറ്റികൾക്ക് പ്രതികരിക്കാൻ കൂടുതലായി ലഭിച്ച അവസരം നേതൃത്വത്തെ നിശിതമായി വിമർശിക്കാനാണ് പ്രതിനിധികൾ വിനിയോഗിച്ചത്. ജനങ്ങളുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച വന്നു എന്ന വിമർശനമാണ് പൊതുവിൽ ഉണ്ടായത്. ജനങ്ങളുടെയും അണികളുടെയും പ്രതീക്ഷകൾ ഉൾക്കൊണ്ടുളള തിരുത്തൽ ഉറപ്പായും വേണമെന്ന നിലപാടാണ് പ്രതിനിധികൾ ഉയർത്തിയത്. തിരുത്തൽ ഉറപ്പാക്കണമെന്ന നിലപാട് ശക്തമായി ഉയർന്നെങ്കിലും നേതൃമാറ്റം എന്ന ആവശ്യം പ്രതിനിധികളിൽ നിന്നുണ്ടായില്ല.സംസ്ഥാന സമിതി അംഗങ്ങളെ നിരീക്ഷകർ മാത്രമാക്കി കരട് റിപ്പോർട്ടിലെ നിരീക്ഷണങ്ങളിൽ ചർച്ചകൾ ഉറപ്പിച്ചു നിർത്തുമ്പോൾ കൂടുതൽ തുറന്നു പറച്ചിലുകൾക്ക് ജില്ലാതല നേതാക്കൾ മുതിരില്ലെന്ന വിലയിരുത്തലാണ് രണ്ടാം ദിനത്തിലെ പൊതുചർച്ചയിൽ തകർന്നത്. പാർട്ടിയുടെ പുനരുജ്ജീവനത്തിന് തൊലിപ്പുറത്തെ പരിഹാരങ്ങൾക്ക് പകരം നേതൃത്വം മുതൽ പ്രവർത്തകർ നീളുന്ന വിശദമായ തിരുത്തലുകൾ വേണമെന്ന ആവശ്യമാണ് പ്രതിനിധികളിൽ നിന്നുണ്ടായത്. വിവിധ വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിച്ചപ്പോഴും വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകരുതെന്ന നിർദേശം പാലിച്ചാണ് പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തത്.പാർട്ടി നേതൃത്വത്തിനെതിരെ ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികൾ രാഷ്ട്രീയപ്രേരിതമായി നടത്തുന്ന അന്വേഷണങ്ങൾ ചെറുക്കേണ്ടതുണ്ടെന്ന നിലപാട് ഉയർത്തിയത് പി.എ.മുഹമ്മദ് റിയാസ് കൂടി ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ പ്രതിനിധിയായിരുന്നു എന്നതും ശ്രദ്ധേയമായി. മറ്റു ജില്ലാ കമ്മിറ്റി പ്രതിനിധികൾ ഇ.ഡി വിഷയത്തിൽ കാര്യമായ ചർച്ചകൾക്ക് മുന്നോട്ടു വന്നില്ല.
Fashion ⏭️


