NEWS
‘പണമല്ല പവറാണ് പ്രശ്നം’; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങും, കിട്ടാവുന്ന എല്ലാ മാർഗവും നോക്കുമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം ∙ പണമല്ല പ്രശ്‌നം പവറാണെന്ന അഭിപ്രായം എല്ലാവർക്കും ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയാണു പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കേന്ദ്രസ്ഥാപനമായ എൻടിപിസിയിൽനിന്നു വാങ്ങാനുള്ള നടപടികളാണ് നടക്കുന്നത്. കേന്ദ്ര സ്ഥാപനം ആയതു കൊണ്ടു വേറെ ആക്ഷേപങ്ങളും കടമ്പകളും ഉണ്ടാകില്ല. പത്തിൽ താഴെ രൂപയ്ക്ക് വൈദ്യുതി കിട്ടുന്ന അവസ്ഥ മൂന്നു മാസം മുൻപ് ഉണ്ടായിരുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കുറഞ്ഞ വിലയ്ക്കു വൈദ്യുതി കിട്ടുമായിരുന്ന കരാർ മുൻ സർക്കാർ റദ്ദാക്കി. അതു പുനസ്ഥാപിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്. ആ കരാർ റദ്ദാക്കാൻ ബി.അശോക് കത്തു നൽകിയിരുന്നുവെങ്കിൽ അതു സർക്കാർ പരിശോധിക്കേണ്ടിയിരുന്നു. എട്ടു വർഷം കരാർ പ്രകാരം കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങിയ ശേഷമാണ് ആ കരാർ റദ്ദാക്കിയത്. അതു തെറ്റായി പോയെന്ന് അന്നത്തെ സർക്കാരിനു പിന്നീടു മനസിലായി. മാസങ്ങൾക്കു ശേഷം കരാർ റദ്ദാക്കിയതു പുനപരിശോധിക്കണമെന്ന് മന്ത്രിസഭാ യോഗം ചേർന്നു തീരുമാനിച്ചു. അതു സംബന്ധിച്ച നിർദേശം കമ്മിഷനു നൽകുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
Fashion ⏭️


