ശില്പശാലയ്ക്ക് ഐ.ഐ.എമ്മിൽ തുടക്കം‘പാഠം ഒന്ന്, എന്റെ കേരളം’; കാതുകൂർപ്പിച്ച് മന്ത്രിസഭ

കോഴിക്കോട്: ക്ലാസ് മുറിയിൽ അദ്ധ്യാപകരെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വണങ്ങി. കേരളത്തിന്റെ ഭാവിയെ എങ്ങനെ മികച്ചതാക്കാം, മാറുന്ന ലോകത്തിനൊപ്പം എങ്ങനെ മുന്നേറാം… വിദഗ്ദ്ധരുടെ ക്ളാസ് സശ്രദ്ധം കേട്ടിരുന്നു. നോട്ട് കുറിച്ചു. സംശയങ്ങൾ ചോദിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.കെ) ഇന്നലെ തുടങ്ങിയ ദ്വിദിന നേതൃശില്പശാലയിലാണ് മന്ത്രിസഭാംഗങ്ങൾ ഒന്നടങ്കം വിദ്യാർത്ഥികളായത്. പതിവു തിരക്കുകൾ മാറ്റിവച്ച്, കേരളത്തിനായി പഠിക്കാനും ചിന്തിക്കാനും തന്ത്രം രൂപപ്പെടുത്താനും ഊർജ്ജസ്വലതയോടെ എല്ലാവരും ഒത്തുചേർന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും ആദ്യദിനത്തിലെ സെഷനിൽ പങ്കെടുത്തു. ഐ.ഐ.എം അദ്ധ്യാപകർ, ദേശീയ, അന്തർദേശീയ വിദഗ്ദ്ധർ എന്നിവർ അദ്ധ്യാപകരായി. കേരളം അടുത്ത ഇരുപത് വർഷം എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് സർക്കാർ.
എ.ഐ, ആരോഗ്യം ദുരന്ത പ്രതിരോധം
‘നിർമ്മിതബുദ്ധിയുടെ കാലത്തെ പരിവർത്തനാത്മക നേതൃത്വം: ലക്ഷ്യബോധത്തോടെയും ഫലപ്രാപ്തിയോടെയും ജനങ്ങളെ പങ്കാളികളാക്കുക’ എന്ന സെഷനോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ഐ.ഐ.എം ഡീൻ പ്രൊഫ.ആനന്ദക്കുട്ടൻ ഉണ്ണിത്താൻ സെഷൻ ഏകോപിപ്പിച്ചു. കേരളത്തെ ആരോഗ്യക്ഷേമ കേന്ദ്രമായി ഉയർത്തുക എന്ന സെഷന് ചെന്നൈ അരവിന്ദ് കണ്ണാശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അരവിന്ദ് ശ്രീനിവാസൻ നേതൃത്വം നൽകി. കാലാവസ്ഥാ വ്യതിയാനം, ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പ് എന്നിവയും പഠനവിഷയമായി. ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫസർ ഡോ.രാജീബ് ഷാ, ഐ.ഐ.എം പ്രൊഫ.അനുപം ദാസ് എന്നിവരാണ് ക്ലാസ് നയിച്ചത്.
ഇന്നത്തെ ക്ളാസ്
കേരളത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്തൽ, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിൽ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തൽ.


