SPORTS
‘ഇക്കാര്യത്തിൽ പാക്കിസ്ഥാനെ വിശ്വസിക്കാം’: പിസിബിയുടെ അസാധാരണ നീക്കത്തിനു പിന്നാലെ ഹർഷ ഭോഗ്‍ലെ

മുംബൈ ∙ ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണികളാണ് നടന്നത്. ഏഴു താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചതിനോടൊപ്പം ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെയും ബോളിങ് കോച്ച് ഉമർ ഗുല്ലിനെയും അവർ മാറ്റി.തെറ്റായ കാര്യങ്ങൾക്കാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് എപ്പോഴും ചർച്ചയാകുന്നതെന്ന് ഹർഷ ഭോഗ്‍ലെ പറഞ്ഞു. ‘‘വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ പാക്കിസ്ഥാൻ ക്രിക്കറ്റിനെ വിശ്വസിക്കാം. ഒന്നാം ടെസ്റ്റിൽ ക്യാപ്റ്റനായിരുന്ന സൽമാൻ ആഗയെ രണ്ടാം ടെസ്റ്റിൽ ഒഴിവാക്കുന്നു, മൂന്നാം ടെസ്റ്റിന് മുൻപ് നാട്ടിലേക്ക് തിരിച്ചയക്കുന്നു! ഒരു പരമ്പരയുടെ പാതിവഴിയിൽ വച്ച് കോച്ചു ബോളിങ് കോച്ചും പുറത്താകുന്നു. സീനിയർ വിക്കറ്റ് കീപ്പറെ നാട്ടിലേക്ക് അയക്കുന്നു. പകരക്കാർ ഒരു ടെസ്റ്റ് മത്സരത്തിന് തയാറെടുക്കുന്നത് പോയിട്ട്, സമയത്തിന് വീസ കിട്ടുമോ എന്ന് പോലും അറിയാത്ത അവസ്ഥ. പതിവുപോലെ, മൈതാനത്തിന് പുറത്താണ് കൂടുതൽ ആക്ഷൻ നടക്കുന്നത്!’’– ഹർഷ ഭോഗ്‍ലെ എക്സിൽ കുറിച്ചു.മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്സാദ് എന്നീ ഏഴു താരങ്ങളെയാണ് പിസിബി സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. സമീപവർഷങ്ങളിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് പല വലിയ അഴിച്ചുപണികളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും, ഒരു ടെസ്റ്റ് പരമ്പരയുടെ മധ്യത്തിൽ വച്ച് ഇത്രയും വിപുലമായ മാറ്റങ്ങൾ വരുത്തുന്നത് ഇതാദ്യമാണ്.
Auto ⏭️


