ബ്രൂണെയിലേത് സുകുമാരകുറുപ്പല്ല ദാമോദര മേനോനെന്ന് നോർക്കയ്ക്ക് ഒരുമാസം മുൻപേ വിവരം ലഭിച്ചു, സ്ഥിരീകരിച്ച് പൊലീസും

ദാമോദര മേനോൻ, സുകുമാര കുറുപ്പ്
തിരുവനന്തപുരം: സുകുമാരകുറുപ്പെന്ന പേരിൽ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റെതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും പൊലീസും സ്ഥിരീകരിച്ചതായി വിവരം. ബ്രൂണെയിൽ ഓർമ്മക്കുറവും മാനസിക പ്രശ്നവും കാരണം പ്രയാസപ്പെടുന്ന ദാമോദര മേനോനാണിതെന്ന വിവരം മനസിലാക്കി നോർക്ക ഒരുമാസം മുൻപുതന്നെ ഇടപെട്ടിരുന്നെന്ന് വിവരം പുറത്തുവന്നു. ദാമോദര മേനോനെ നാട്ടിലെത്തിക്കണമെന്ന് നോർക്ക ഒരുമാസം മുൻപുതന്നെ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടതോടെയാണ് നോർക്ക വിഷയത്തിൽ ഇടപെട്ടത്. ജൂലായ് രണ്ടിനാണ് നോർക്ക സർക്കാരിന് കത്തയച്ചിരിക്കുന്നത്.
ദാമോദരമേനോനെ നാട്ടിലെത്തിക്കാൻ ശ്രമം നടന്നുവരവെയാണ് ഇപ്പോൾ സുകുമാരകുറുപ്പിന്റെ പേരിലെ വിവാദമുണ്ടായത്. കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കരുണാകരൻ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കിയിരുന്നു. 40 വർഷം മുൻപ് മലേഷ്യയ്ക്ക് പോയ ദാമോദര മേനോൻ പാലക്കാട് സ്വദേശിനിയെ വിവാഹം ചെയ്ത് അവിടെ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. മലേഷ്യയിലും ഓസ്ട്രേലിയയിലുമാണ് ഇവർ. ഒരു അപകടത്തെ തുടർന്ന് ചികിത്സയിലാണ് ദാമോദര മേനോൻ. ഭാര്യയും മക്കളും അദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ജൂൺ 16ന് ദാമോദര മേനോന് ചികിത്സയും അടിയന്തര സഹായവും ആവശ്യമാണെന്ന്കാട്ടി ബ്രൂണെയിലെ സന്നദ്ധ പ്രവർത്തകർക്കും കമ്മ്യൂണിറ്റി നേതാക്കൾക്കും ഇന്ത്യൻ ഹൈക്കമ്മിഷൻ വിവരം നൽകിയിരുന്നു. സന്നദ്ധ പ്രവർത്തകരാണ് അദ്ദേഹത്തിന്റെ പാസ്പോർട്ട് വിവരങ്ങളും ബന്ധുക്കളുടെ വിവരങ്ങളും കണ്ടെത്തിയത്. നാട്ടിൽ അദ്ദേഹത്തെ എത്തിച്ചാൽ നോക്കാൻ തയ്യാറാണെന്ന് ഇവിടെയുള്ള ബന്ധുക്കൾ അറിയിച്ചിരുന്നു.


