NEWS
സൗഹൃദം പ്രണയമായി, വിവാഹം കഴിക്കാൻ തീരുമാനിച്ച് വനിതാ കോൺസ്റ്റബിൾമാർ; അവസാനനിമിഷം ഉപേക്ഷിച്ചു

മുംബൈ ∙ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ തമ്മിൽ നടത്താനിരുന്ന സ്വവർഗ വിവാഹം ഉപേക്ഷിച്ചു. ഓഗസ്റ്റ് 30ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ പരമ്പരാഗത വൈദിക ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്നുണ്ടായ മാധ്യമശ്രദ്ധയും കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദവുമാണ് ഇവരെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.മൂന്ന് വർഷം മുമ്പ് പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയാണ് 23, 26 വയസ്സുള്ള യുവതികൾ പരസ്പരം പരിചയപ്പെടുന്നത്. പരീക്ഷ പാസായി പരിശീലനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒരേ പൊലീസ് സ്റ്റേഷനിൽ നിയമിതരാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ചടങ്ങുകൾക്കായി ഇരുവരും ഒരേ വിവാഹ ക്ഷണക്കത്ത് ഘടിപ്പിച്ചാണ് പൊലീസ് സ്റ്റേഷനിൽ അവധിക്ക് അപേക്ഷ നൽകിയത്. ഇതോടെയാണ് ഇവരുടെ വിവാഹ വിവരം സഹപ്രവർത്തകരും ഉദ്യോഗസ്ഥരും അറിയുന്നത്. തുടർന്ന് വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി മാറി.
Fashion ⏭️


