NEWS

പി.എച്ച്. കുര്യന്റെ ഒറ്റ ഉത്തരവിൽ കാൻസർ മരുന്നുവില കുറഞ്ഞു; ഐടി മേഖലയുടെ ശിൽപി, സാധാരണക്കാരുടെ ഓഫിസർ


കൊച്ചി ∙ എന്തു കാര്യവും നടത്തിയെടുക്കാൻ മിടുക്കനായ ‘സ്ട്രീറ്റ് സ്മാർട്ട്’ ആയ ഉദ്യോഗസ്ഥൻ, അന്തരിച്ച പി.എച്ച്.കുര്യനെ അദ്ദേഹത്തെ അറിയാവുന്നവർ പറയുന്ന കാര്യമാണിത്. സാധാരണക്കാരുടെ ഭാഷ സംസാരിക്കുന്ന, അവരുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഉദ്യോഗസ്ഥനായിരുന്നു പി.എച്ച്.കുര്യൻ. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരോടും വെട്ടിത്തുറന്നു പറയാനുള്ള ആർജവവും സത്യസന്ധതയും അദ്ദേഹം കാണിച്ചിരുന്നുവെന്നും പി.എച്ച്.കുര്യനെ അറിയാവുന്നവര്‍ ഓർമിക്കുന്നു.കാൻസർ മരുന്നുകളുടെ വില കുറയ്ക്കാനെടുത്ത വിപ്ലവകരമായ തീരുമാനമാണ് അതിൽ പ്രധാനമെന്ന് മുൻ സിയാൽ എംഡി വി.ജെ. കുര്യൻ പറഞ്ഞു. അദ്ദേഹം മുംൈബയിൽ കൺട്രോളർ ഓഫ് പേറ്റെന്റ് ആയി പ്രവർത്തിച്ച സമയമാണ്. വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ കുത്തക കുറച്ചെങ്കിലും കുറയ്ക്കാനായിട്ട് ശ്രമിച്ച ഒരു വ്യക്തിയായിരുന്നു. ഇന്ത്യൻ പേറ്റന്റ്സ് ആക്ടിലെ ചട്ടങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ആ തീരുമാനം എടുത്തത്. വിദേശ കമ്പനികൾ നിർമിച്ചിരുന്ന 2 മരുന്നുകൾ നിർമിക്കാൻ ഇന്ത്യയിലെ മരുന്നു കമ്പനികൾക്ക് അനുമതി നൽകി. ലക്ഷങ്ങൾ വിലയുണ്ടായിരുന്ന മരുന്നുകൾ 10000 ൽ താഴെ വിലയ്ക്ക് ഇന്ത്യയിൽ ലഭ്യമായി. അതുവഴി അദ്ദേഹം ഒട്ടേറെ ശത്രുക്കളേയും അതിൽ ഉണ്ടാക്കിയിട്ടുണ്ട്.തിരുവനന്തപുരം ടെക്നോപാർക്കിന്റെയും കൊച്ചി ഇൻഫോപാർക്കിന്റെയും വിപുലീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേഗത കൂട്ടിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളായിരുന്നു. പ്രത്യേകിച്ച്, പ്രതിസന്ധികളിൽ കുടുങ്ങിക്കിടന്ന കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ തടസങ്ങൾ നീക്കി തുടക്കത്തിലെ പ്രവർത്തനങ്ങൾക്ക് വേഗത നൽകുന്നതിലും ആഗോള ഐടി കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിലും അദ്ദേഹം മുന്നിൽ നിന്ന് നയിച്ചു.


Fashion ⏭️

Back to top button