NEWS

ആധാർ ഇല്ലെങ്കിൽ ‘വഴിയാധാരം’! ജയിൽ ചാടിയ പ്രതി ആധാർ കാർഡ് അന്വേഷിച്ച് പൊലീസ് സ്റ്റേഷനിൽ, പിന്നെ സംഭവിച്ചത്


കൊച്ചി∙ ആലുവ സബ് ജയിലിൽനിന്നു ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിച്ചുവച്ചിരുന്ന ആധാർ കാർഡ് അന്വേഷിച്ചു വീണ്ടും പൊലീസ് സ്റ്റേഷനിൽ. എന്നാൽ പൊലീസ് തിരിച്ചറിയുമോ എന്ന് ഭയന്ന് ഇയാൾ ആധാർ വാങ്ങാൻ നിൽക്കാതെ ഓടിരക്ഷപെട്ടു. അസം ധേമാജി സ്വദേശിയായ മധുർജ്യ സോനോവാൾ (28) ആണ് വീണ്ടും കടന്നുകളഞ്ഞത്. ഇയാൾക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.എടത്തല വ്യവസായ മേഖലയിലെ മാമ്പിള്ളി പ്ലൈവുഡ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽനിന്ന് 9 മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ കഴിഞ്ഞ മാസം 23 നാണ് സോനോവാള്‍ ആലുവ സബ് ജയിലിൽ റിമാൻഡിലായത്. മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെരുമ്പാവൂർ പൊലീസ് ഇയാളെ പിടികൂടിയത്. മോഷണം നടന്നത് എടത്തലയിൽ ആയതിനാൽ കേസ് അവിടുത്തെ പൊലീസിനു കൈമാറി. പിടികൂടിയപ്പോൾ ഉണ്ടായിരുന്ന ആധാർ കാർഡ് ഇവിടെ കാണുമെന്നു കരുതിയായിരിക്കാം പ്രതി എത്തിയതെന്ന് സംശയിക്കുന്നതായി പെരുമ്പാവൂർ പൊലീസ് വൃത്തങ്ങൾ പറഞ്ഞു.സ്റ്റേഷനിൽനിന്നു കടന്നുകളഞ്ഞ പ്രതി പെരുമ്പാവൂരിലെ ഒരു മൊബൈൽ കടയിലെത്തി പണം വായ്പ ചോദിച്ചിരുന്നതായി വിവരമുണ്ട്. എന്നാൽ കടയുടമ പണം നൽകിയില്ല. 57 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ആലുവ സബ് ജയിലിൽ നിലവിൽ 114 പേരുണ്ട്. ആകെയുള്ള 17 ജീവനക്കാരിൽ മൂന്ന് പേർ ഓഫിസ് ജോലികള്‍ ചെയ്യുന്നവരാണ്. ബാക്കിയുള്ള ജീവനക്കാരാണ് രണ്ടു ഷിഫ്റ്റുകളിലായി കാവൽ നിൽക്കുന്നത്. 


Fashion ⏭️

Back to top button