NEWS

ദേശീയപാതയിൽ നിന്ന് വീടുകൾ നിശ്ചിത അകലം പാലിക്കണം: ആയിരക്കണക്കിന് കുടുംബങ്ങൾ ആശങ്കയിൽ


കൊല്ലം ∙ ദേശീയപാതയിൽ നിന്ന് നിശ്ചിത ദൂരം സ്ഥലം ഒഴിച്ചിടണമെന്ന സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ ആശങ്കയിലാണ് വികസനം കാത്തിരിക്കുന്ന കൊല്ലം–തേനി, കൊല്ലം–തിരുമംഗലം ദേശീയപാതയുടെയും കടമ്പാട്ടുകോണം –ഇടമൺ ഗ്രീൻഫീൽഡ് ഹൈവേയുടെയും ഓരങ്ങളിൽ താമസിക്കുന്നവർ. കൊല്ലം തേനി എൻഎച്ച് 183 സ്ഥലം ഏറ്റെടുപ്പ് നടപടികളിലേക്ക് കടക്കുകയാണ്. ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ ഏകദേശം പൂർത്തിയായി. തിരുമംഗലം ഹൈവേയുടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്.നിലവിൽ പ്രശ്നങ്ങളുണ്ടാകില്ലെങ്കിലും നിർമാണം തുടങ്ങുന്ന ഘട്ടത്തിൽ ദേശീയപാതയുടെ വശങ്ങളിൽ താമസിക്കുന്നവരെ ദോഷമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ ദേശീയപാതകൾക്കും ബഫർ സോൺ എന്ന സുപ്രീംകോടതി ഉത്തരവ് ബാധകമാകുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങളെയും കച്ചവട, വ്യവസായ സ്ഥാപനങ്ങളെയും ദോഷമായി ബാധിക്കും. ദേശീയപാതയുടെ മധ്യഭാഗത്ത് നിന്ന് 40 മീറ്ററിൽ വീടുകളും 75 മീറ്റർ പരിധിയിൽ വാണിജ്യ സ്ഥാപനങ്ങളും നിർമിക്കുന്നതാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിട്ടുള്ളത്.നിലവിൽ ദേശീയപാത 66ന് ഏറ്റെടുത്ത സ്ഥലത്ത് നടത്തിയ നിർമാണങ്ങൾക്ക് ചിലയിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ നമ്പർ നൽകിയിട്ടില്ല. ഇവിടെ നിർമാണത്തിനായി മുറിച്ച് മാറ്റിയ കെട്ടിടങ്ങൾ പുനർനിർമിച്ചിട്ടുണ്ടെങ്കിലും അവയെയും ഉത്തരവ് ബാധിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവാകും അന്തിമം. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായി ഏകീകൃത വിജ്ഞാപനം ഉറപ്പാക്കണണെന്ന് കേന്ദ്ര റോഡ് ഗതാഗത– ദേശീയപാത മന്ത്രാലയത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ ജനസാന്ദ്രതയും ഭൂപ്രകൃതിയും കണക്കിലെടുത്ത് ഉത്തരവിൽ ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.


Fashion ⏭️

Back to top button