LIFESTYLE

ജോലി ഐടി മേഖലയിൽ ,​ തണ്ണിമത്തന് പിന്നാലെ യുവാക്കളുടെ പച്ചമുളക് കൃഷിയും വൻവിജയം

ചിറ്റൂർ: പാലക്കാടൻ കാർഷിക സമൃദ്ധിയുടെ കേന്ദ്രമായ ചിറ്റൂർ വിളയോടിയിൽ മധുരമൂറുന്ന തണ്ണിമത്തൻ വിളവെടുപ്പിന് ശേഷം ഇനി എരിവിന്റെ നാളുകൾ. 40 ടണ്ണോളം ‘ഷുഗർക്വീൻ’ തണ്ണിമത്തൻ വിജയകരമായി വിളവെടുത്ത മൂന്നരയേക്കർ പാടത്ത് അടുത്ത കാർഷിക പരീക്ഷണമായി മാറിയിരിക്കുകയാണ് കൂറ്റൻ പച്ചമുളകുപാടം.

ഗ്രാമീണ കർഷകരുടെയും ഐ.ടി കൂട്ടായ്മയുടെയും അധ്വാനവും നൂതന കാർഷിക രീതികളും സമന്വയിച്ചപ്പോൾ ഈ കൃഷിയിടം നാടിന് തന്നെ പുതിയൊരു കാർഷിക മാതൃകയായി മാറിക്കഴിഞ്ഞു.

ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശികളായ പ്രവീൺ, ഷൈൻ, പ്രജിത്ത്, ജയേഷ്, സാബു, വിനോദ്, മനോജ്, സുരേഷ്, പ്രദീപ് എന്നീ സുഹൃത്തുക്കളുടെ കൃഷിയോടുള്ള തീവ്രമായ ആഗ്രഹമാണ് സംരംഭത്തിന് തുടക്കമിട്ടത്. ജോലിക്കിടയിൽ ലഭിച്ച ഇടവേളയിലാണ് ഇവർ ചിറ്റൂർ വിളയോടിയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി പരീക്ഷിക്കാൻ തീരുമാനിക്കുന്നത്. കൃഷിക്കൂട്ടുകാരനായ കൊഴിഞ്ഞാമ്പാറ സ്വദേശി നിഷാദിന്റെ മികച്ച മാർഗ്ഗനിർദ്ദേശവും പിന്തുണയും കൂടിയായപ്പോൾ സംരംഭം വലിയ വിജയമായി.

10,000 ചുവടുകളിൽ തീർത്ത പച്ചപ്പ്


കേരളത്തിൽ ഇത്രയും വലിയ വിസ്തൃതിയിൽ ഒറ്റയടിക്ക് പച്ചമുളക് കൃഷി ചെയ്യുന്നത് അപൂർവ്വ കാഴ്ചയാണ്. 10,000ത്തോളം ചുവടുകളിലാണ് ഇവിടെ മുളക് തൈകൾ തഴച്ചുവളർന്ന് നിൽക്കുന്നത്. മുളക് പറിച്ചെടുക്കുന്നതിനായി തദ്ദേശീയരായ നാട്ടുകാരും വിദ്യാർത്ഥികളും തോട്ടത്തിലെത്തുന്നുണ്ട്. ഇവർ ശേഖരിക്കുന്ന മുളകിന്റെ ഭാരമനുസരിച്ച് കൃത്യമായ കൂലി നൽകുന്നു. ഉയർന്ന വിളവും മികച്ച വിപണി മൂല്യവുമുള്ള സെറ, ബുള്ളറ്റ് എന്നീ ഇനം പച്ചമുളകുകളാണ് വിളയോടിയിൽ കൃഷി ചെയ്യുന്നത്.

സെറ: നല്ല നീളവും മികച്ച നിറവും നൽകുന്നതിനൊപ്പം എരിവും രുചിയും സമന്വയിപ്പിച്ച ഇനമാണിത്. പ്രാദേശിക വിപണികളിലും വീടുകളിലും ഒരുപോലെ ആവശ്യക്കാരുള്ള ഒന്നാണ് സെറ.

ബുള്ളറ്റ്: പേര് സൂചിപ്പിക്കുന്നത് പോലെ വലിപ്പത്തിൽ ചെറുതാണെങ്കിലും എരിവിൽ മുന്നിൽ നിൽക്കുന്ന ഇനമാണിത്. ഹോട്ടലുകളിലും സംസ്‌കരണ കേന്ദ്രങ്ങളിലും ഏറെ പ്രിയമുള്ള ഈ ഇനം കർഷകർക്ക് മികച്ച നേട്ടം നൽകുന്നു.
RELATED TOPICS: AGRICULTURE, GREEN CHILLI FARMING, YOUNGSTERS FARMING, IT PROFESSIONALS FARMING


News ⏭️

Back to top button