പഴുത്തുപോയ നേന്ത്രപ്പഴം കളയാൻ വരട്ടെ; ഇതൊന്ന് തയ്യാറാക്കി നോക്കൂ

പ്രതീകാത്മക ചിത്രം
മിക്ക വീടുകളിലെയും അടുക്കളയിൽ കാണുന്ന ഒന്നാണ് നേന്ത്രപ്പഴം. നന്നായി പഴുത്ത് തൊലി കറുക്കാൻ തുടങ്ങുമ്പോൾ മിക്കവരും ഇത് കളയാറാണ് പതിവ്. എന്നാൽ ഇനി അത് വേണ്ട. പകരം ഒരു കിടിലൻ ഡെസേർട്ട് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
നന്നായി പഴുത്ത നേന്ത്രപ്പഴം – മൂന്ന് എണ്ണം
മൈദ – ഒരു കപ്പ്
തണുത്ത വെള്ളം
ഉപ്പ് – ആവശ്യത്തിന്
ബേക്കിംഗ് പൗഡർ – കാൽ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
പഞ്ചസാര – അര കപ്പ്
തയ്യാറാക്കുന്നവിധം
അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിൽ മൈദ, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് പത്ത് മിനിറ്റ് മാറ്റിവയ്ക്കാം. ഇനി മറ്റൊരു പാത്രത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചുവച്ച നേന്ത്രപ്പഴം എടുക്കണം. ഇതിലേയ്ക്ക് അല്പം മൈദപ്പൊടി വിതറണം. ശേഷം ഇത് നേരത്തെ തയ്യാറാക്കി മാറ്റിവച്ച മാവിൽ മുക്കിയെടുത്ത് ചൂടുള്ള എണ്ണയിലിട്ട് സ്വർണ നിറമാകുന്നത് വരെ നന്നായി വറുത്തെടുക്കാം.
മറ്റൊരു പാനിലേയ്ക്ക് പഞ്ചസാരയും മൂന്ന് ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി സ്വർണ നിറമുള്ള കാരമൽ തയ്യാറാക്കാം. കാരമൽ തയ്യാറായ ഉടൻ ഇത് ഒരു ഗ്ലാസിലേയ്ക്കോ ബൗളിലേയ്ക്കോ മാറ്റണം. ശേഷം വറുത്തുവച്ചിരിക്കുന്ന പഴം ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം.
പിന്നീട് ഈ ഗ്ലാസെടുത്ത് ഒരു പാത്രത്തിലെ ഐസ് വെള്ളത്തിലേക്ക് മുക്കി ഏതാനും സെക്കൻഡുകൾക്ക് ശേഷം എടുക്കണം. ഇങ്ങനെ ചെയ്യുന്നത് കാരമലിന്റെ പുറംഭാഗം നല്ല മൊരിഞ്ഞ രീതിയിലാകാൻ സഹായിക്കും. തയ്യാറാക്കിവച്ച ഡെസേർട്ടിന് മുകളിലേയ്ക്ക് വാനില ഐസ്ക്രീം കൂടി ചേർത്ത് വിളമ്പാം.
English Summary
A recipe detailing the preparation of a dessert using overripe bananas has been published. It involves coating banana pieces in a flour batter, deep-frying them, and then dipping them in a homemade caramel sauce. The caramel-coated bananas are briefly submerged in ice water for crispiness, and the dessert is suggested to be served with vanilla ice cream.
News ⏭️


