NEWS
‘അഞ്ജന പറഞ്ഞ ഉറപ്പിലാണ് 31 ലക്ഷം കൊടുത്തത്, ഇപ്പോൾ ആരും ഫോണെടുക്കുന്നില്ല’; പാർട്ടിക്കൊടി വാങ്ങാൻ കൈക്കൂലി, ശബ്ദരേഖ

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി, തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് തെളിവായി നിര്‍ണായക ശബ്ദരേഖകള്‍ പുറത്ത്. കൊടികള്‍ തയാറാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷന് വാങ്ങിയെന്ന് കൊടി തയാറാക്കിയ സ്ഥാപനത്തിന്റെ പ്രതിനിധി സ്ഥിരീകരിക്കുന്ന ശബ്ദരേഖയാണു പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിലെ കട്ടൗട്ടിന്റെ പേരില്‍ വ്യാജബില്ലുണ്ടാക്കി 16 ലക്ഷം രൂപ വീതിച്ചെടുക്കാമെന്ന് സംസ്ഥാന സമിതിയംഗത്തിന്റേതെന്ന പേരില്‍ ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേന്ദ്രം സൗജന്യമായി നല്കിയ കൊടികള്‍ തിരഞ്ഞെടുപ്പു കമ്മിഷന് വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതിനു പിന്നാലെ സംസ്ഥാന നേതൃത്വം സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പ് കാലത്ത് 1.62 കോടി രൂപയ്ക്കു കൊടികള്‍ വാങ്ങിയിരുന്നു. ഈ ഇടപാടിന് 31 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി മുന്‍കൂറായി കമ്മിഷന് വാങ്ങിയെന്നാണ് മറ്റൊരു ബിജെപി നേതാവിനോടു സ്ഥാപനത്തിന്റെ പ്രതിനിധി ശബ്ദരേഖയില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിന് ബിജെപി നേതാവ് അയച്ച കത്തിലാണ് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊടികളുടെയും കട്ടൗട്ടിന്റെയും നിര്‍മാണത്തില്‍ കമ്മിഷന് കൈപ്പറ്റിയെന്നും ഹോട്ടലില്‍ 30 റൂം ബുക്ക് ചെയ്തു ബില്‍ തട്ടിപ്പു നടത്തിയെന്നും കത്തിലുണ്ട്. ഉയര്‍ന്ന തുകയ്ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് കമ്മിഷനടിച്ചു. കേന്ദ്രം സൗജന്യമായി നല്കിയ പാര്‍ട്ടി കൊടികള്‍ ഒരു നേതാവ് രണ്ടു ലക്ഷം വാങ്ങിയാണ് മണ്ഡലത്തില്‍ നല്‍കിയത് എന്നും സമഗ്രമായ അന്വേഷണം വേണമെന്നും കത്തില്‍ പറയുന്നു.
Fashion ⏭️


