NEWS
വയനാട് മരുഭൂവൽക്കരണത്തിന്റെ ഭീഷണിയിൽ? താപനില വേഗം ഉയരുന്നു; മുളങ്കാടുകൾ നശിച്ചു, നെൽവയലുകൾ നികത്തി…

കൽപറ്റ ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വയനാട്ടിലേക്കു മരുഭൂവൽക്കരണം പതിയെയാണെങ്കിലും കടന്നുവരുന്നതായി പഠനങ്ങളുണ്ട്. ഡക്കാനിൽനിന്നുള്ള വരണ്ട കാറ്റിനെ തടഞ്ഞുനിർത്തിയിരുന്ന മുളങ്കാടുകൾ നശിച്ചതും നെൽവയലുകൾ നികത്തപ്പെട്ടതും അശാസ്ത്രീയമായ ഭൂവിനിയോഗവും മരുഭൂവൽക്കരണത്തിന് ആക്കം കൂട്ടുന്നുവെന്നാണു കണ്ടെത്തൽ. വേനൽക്കാലത്തു പൊള്ളുന്ന ചൂടും മഴക്കാലത്ത് അതിവർഷവും വയനാട്ടിൽ പതിവായിക്കഴിഞ്ഞു. നല്ല തണുപ്പും മഞ്ഞും നിറഞ്ഞ വയനാടിന്റെ തനതായ കാലാവസ്ഥയ്ക്ക് വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. മുൻപ് മാർച്ച് മാസങ്ങളിൽ പോലും പരമാവധി 25–28 ഡിഗ്രി സെൽഷ്യസ് ഉണ്ടായിരുന്ന താപനില ഇപ്പോൾ 32-34 ഡിഗ്രിക്ക് മുകളിലേക്ക് എളുപ്പത്തിൽ ഉയരുന്നു. 32 ഡിഗ്രിക്ക് മുകളിലുള്ള ചൂടുള്ള ദിവസങ്ങളുടെ എണ്ണം മുൻപത്തേതിനെക്കാൾ ഇരട്ടിയായി മാറുകയും ചെയ്തിരിക്കുന്നു.കടൽ ചൂടാകുന്നു, കരയും അറബിക്കടലിന്റെ തെക്കുകിഴക്കേ ഭാഗം കൂടുതലായി ചൂടുപിടിക്കുന്നതാണു വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാലാവസ്ഥാ വ്യതിയാനം വേഗത്തിലാക്കുന്നതെന്നു കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ അഡ്‌വാൻസ്ഡ് സെന്റർ ഫോർ അറ്റോമിക് റഡാർ റിസർച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടൽ അമിതമായി ചൂടുപിടിക്കുന്നതുമൂലം കേരളത്തിന്റെ അന്തരീക്ഷം അസ്ഥിരമാകുകയും വലിയ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഇതാണ് അതിവൃഷ്ടിക്കും തുടർന്നുള്ള പ്രകൃതിദുരന്തങ്ങൾക്കും കാരണം.
Fashion ⏭️


