NEWS

പൾസർ സുനിക്ക് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കില്ല, ഹർജി തള്ളി ഹൈക്കോടതി

പൾസർ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. 20 വർഷത്തെ തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് അപ്പീലിൽ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി പൾസർ സുനി ഹർജി നൽകിയത്. ഈ ഹർജിയാണ് ഇന്ന് ഹൈക്കോടതി തള്ളിയത്.

ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിനാൽ ശിക്ഷ മരവിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹർജി തള്ളിയത്.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. എല്ലാവരെയും 20 വർഷത്തേക്കാണ് ശിക്ഷിച്ചതെങ്കിലും പൾസർ സുനിയാകും ആദ്യം പുറത്തിറങ്ങുന്നത്. വിചാരണക്കാലയളവിൽ ഏഴരവർഷത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞതിനാൽ ബാക്കിയുള്ള 13 വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതിയാകും.

English Summary

The Kerala High Court rejected chief accused Pulsar Suni’s plea to suspend his 20-year sentence in the actress assault case. Suni, sentenced by the trial court, sought a suspension until his appeal against conviction is decided by the High Court. The court dismissed the plea after considering arguments from both the prosecution and the victim.

Read News ⏭️

Back to top button