HEALTH
ബേബി ഉൽപ്പന്നങ്ങൾ മുതിർന്നവർ ഉപയോഗിക്കാമോ? വിദഗ്ധരുടെ അഭിപ്രായം ഇതാ

മൃദുവായ ചർമവും ‘ജെന്റിൽ കെയറും’ വാഗ്ദാനം ചെയ്യുന്ന ബേബി സ്‌കിൻകെയർ ഉൽപ്പന്നങ്ങൾ പലരെയും ആകർഷിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ സോപ്പും മോയിസ്ചറൈസറുമൊക്കെ മുതിർന്നവരും ഉപയോഗിക്കാറുണ്ട്. ബേബി ക്രീം മോയ്‌സ്ചറൈസറായും, ബേബി ഷാംപൂ ഫേസ് വാഷായും ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ കുഞ്ഞുങ്ങൾക്കായി നിർമ്മിച്ചെടുത്ത ഉൽപ്പന്നങ്ങൾ മുതിർന്നവരുടെ ചർമത്തിനും മുടിക്കും എല്ലായ്‌പ്പോഴും അനുയോജ്യമാണോ? ചർമവിദഗ്ധർ പറയുന്നത്, ചില സാഹചര്യങ്ങളിൽ ഉപയോഗിക്കാമെങ്കിലും അവ മുതിർന്നവരുടെ സ്‌കിൻകെയർ ആവശ്യങ്ങൾ നിറവേറ്റുന്നില്ല എന്നാണ്.കുഞ്ഞുങ്ങളുടെ ചർമവും മുതിർന്നവരുടെ ചർമവും ഒന്നല്ല കുഞ്ഞുങ്ങളുടെ ചർമം വളരെ നേർത്തതും മൃദുലവും അതീവ സെൻസിറ്റീവുമാണ്. കുഞ്ഞുങ്ങളുടെ ചർമത്തിലെ സംരക്ഷണ കവചം പൂർണ വളർച്ചയെത്താത്തതിനാൽ ഈർപ്പം നിലനിർത്താനുള്ള കഴിവ് കുറവാണ്. അതിനാൽ ചർമം വേഗത്തിൽ വരണ്ടുപോകുകയും ചെറിയ ചെറിയ കാരണങ്ങൾ കൊണ്ടുപോലും ചർമത്തിൽ അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടാണ് ബേബി ഉൽപ്പന്നങ്ങൾ വളരെ സൗമ്യമായ ചേരുവകളോടെ തയ്യാറാക്കുന്നത്. എന്നാൽ മുതിർന്നവരുടെ ചർമം കട്ടിയുള്ളതും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നതുമാണ്. മുഖക്കുരു, പിഗ്മെന്റേഷൻ, വരണ്ട ചർമം, ചുളിവുകൾ, സൂര്യപ്രകാശം കൊണ്ടുള്ള കേടുപാടുകൾ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ ഇവയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഉൽപ്പന്നങ്ങളാണ് മുതിർന്നവർ ഉപയോഗിക്കേണ്ടത്. മുതിർന്നവർക്ക് ബേബി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാമോ? സെൻസിറ്റീവ് ചർമമുള്ളവർക്ക് ചില ബേബി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൃദുവായ ക്ലെൻസറുകൾ, മോയ്‌സ്ചറൈസറുകൾ, ബേബി ഓയിൽ എന്നിവ ചർമത്തെ മൃദുലമാക്കാനും സംരക്ഷണ കവചം നിലനിർത്താനും സഹായിക്കും. എന്നാൽ ഇവയെ മാത്രം ആശ്രയിച്ച് മുഴുവൻ സ്‌കിൻകെയർ റൂട്ടീനും രൂപപ്പെടുത്തുന്നത് ശരിയായ രീതിയല്ല. മുഖക്കുരു നിയന്ത്രണം, ആന്റി-ഏജിങ്, പിഗ്മെന്റേഷൻ കുറയ്ക്കൽ, സൺ പ്രൊട്ടക്ഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ബേബി ഉൽപ്പന്നങ്ങൾ പറ്റില്ല. പലരും ബേബി ഷാംപൂ ഫേസ് വാഷായും ബേബി ഓയിൽ ബോഡി മോയ്‌സ്ചറൈസറായുമൊക്കെ ഉപയോഗിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇവ ഉപയോഗിക്കാമെങ്കിലും, സ്ഥിരമായി ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബേബി ഷാംപൂ വളരെ സൗമ്യമാണെങ്കിലും മേക്കപ്പ്, സൺസ്‌ക്രീൻ, അധിക എണ്ണ എന്നിവ ഫലപ്രദമായി നീക്കം ചെയ്യാൻ ഇതിന് സാധിക്കണമെന്നില്ല. അതുപോലെ കുട്ടികളുടെ സൺസ്‌ക്രീൻ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുമെങ്കിലും മുഖത്ത് ഉപയോഗിക്കുമ്പോൾ എണ്ണമയമായ അനുഭവമോ വെളുത്ത പാടുകളോ ഉണ്ടാകാം. ബേബി ഓയിൽ ചർമത്തിലെ ഈർപ്പം പുറത്തേക്ക് പോകാതിരിക്കാൻ സഹായിക്കുന്നതാണ്. എന്നാൽ ഇത് ചർമത്തിന് ജലാംശം നൽകുന്നില്ല. എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമത്തിന് ഇത് അനുയോജ്യമല്ല.എപ്പോഴാണ് ബേബി ഉൽപ്പന്നങ്ങൾ ഉപകാരപ്പെടുക? ചർമം അതീവ സെൻസിറ്റീവായിരിക്കുമ്പോഴോ അലർജി അല്ലെങ്കിൽ എക്‌സിമ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ചില ഡെർമറ്റോളജി ചികിത്സകൾക്ക് ശേഷമുള്ള സുഖപ്രാപ്തി ഘട്ടത്തിൽ ബേബി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇത്തരം ഉപയോഗം താൽക്കാലികമായിരിക്കണം. മുതിർന്നവരുടെ പ്രത്യേക ചർമപ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപകൽപന ചെയ്ത ഉൽപ്പന്നങ്ങൾക്ക് പകരമായി ബേബി ഉൽപ്പന്നങ്ങളെ കാണരുത്.ബേബി സ്‌കിൻകെയർ ഉൽപ്പന്നങ്ങളുടെ പ്രധാന ലക്ഷ്യം ചർമത്തെ സംരക്ഷിക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുക എന്നതാണ്. അവ ചികിത്സാ ഉൽപ്പന്നങ്ങളല്ല. അതുകൊണ്ട് ബേബി ലോഷൻ ഉപയോഗിച്ചാൽ ചർമത്തിന് മൃദുത്വം ലഭിച്ചേക്കാം. പക്ഷേ ചുളിവുകൾ, പിഗ്മെന്റേഷൻ, മുഖക്കുരു, അടഞ്ഞ സുഷിരങ്ങൾ, സൂര്യപ്രകാശം മൂലമുള്ള കേടുപാടുകൾ തുടങ്ങിയ മുതിർന്നവരുടെ ചർമപ്രശ്‌നങ്ങൾ പരിഹരിക്കാൻ അവയ്ക്ക് കഴിയില്ല.
Source link


