NEWS
വിഴിഞ്ഞത്തെ ഓഹരി ഇടപാട് വിവാദമാക്കേണ്ടതില്ലെന്ന് ഇ.പി. ജയരാജൻ; സിപിഎമ്മിൽ അഭിപ്രായഭിന്നത

കണ്ണൂർ ∙ വിഴിഞ്ഞം തുറമുഖം ഓഹരി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഭരിക്കുന്ന മുന്നണിയും മുഖ്യമന്ത്രിയും മന്ത്രിമാരും വിവാദമുണ്ടാക്കാനാണ് താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വിവാദത്തിലേക്ക് പോയി പ്രവർത്തനം നിർജീവമാക്കുന്നത് കേരളത്തിനു ഗുണകരമല്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ കരാർ വ്യവസ്ഥയനുസരിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള താൽപര്യമാണ് സർക്കാർ കാണിക്കേണ്ടത്. കരാർ വ്യവസ്ഥയിൽ നിന്ന് വ്യതിചലിക്കാതെ സംസ്ഥാന താൽപര്യം സംരക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള ഫലപ്രദമായ ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ജയരാജൻ പറഞ്ഞു.ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർ അത് ഉന്നയിക്കട്ടെ. കെ.കെ. രാഗേഷ് അഴിമതി ആരോപണം ഉന്നയിച്ചല്ലോ എന്ന ചോദ്യത്തിനു മന്ത്രിമാർ, വിജിലൻസ് തുടങ്ങിയ സംവിധാനങ്ങൾ അന്വേഷിക്കട്ടെയെന്നായിരുന്നു ജയരാജന്റെ മറുപടി. താൻ അത്തരം അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല. കരാർ വ്യവസ്ഥ ലംഘിക്കാൻ സാധിക്കില്ല. മാറ്റം വരുത്തണമെങ്കിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അനുമതിയോടെയെ സാധിക്കൂ. ഒരു കരാറുകാർക്ക് മാത്രമായി പുറം കരാർ ഉണ്ടാക്കാനോ ഓഹരി ഉടമകളാക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Source link


