NEWS
ജീവിക്കാൻ സമ്മതിക്കില്ല..; അരൂർ- തുറവൂർ ഉയരപ്പാത നിർമാണാവശിഷ്ടങ്ങൾ കാരണം ദുരിതം: കുടുംബം വീടൊഴിഞ്ഞു പോയി

അരൂർ ∙ അരൂർ- തുറവൂർ ഉയരപ്പാത നിർമാണാവശിഷ്ടങ്ങളും മണലും മല പോലെ കൂട്ടിയിട്ടിരിക്കുന്ന സംഭരണ കേന്ദ്രത്തിനു സമീപമുള്ള കുടുംബം അപകടഭീതിയിൽ വീടൊഴിഞ്ഞു പോയി. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ ആന്നുരുത്തി വീട്ടിൽ മുഹമ്മദും (67) കുടുംബവുമാണ് ഒരു മാസമായി വാടകവീട്ടിലേക്കു താമസം മാറിയത്. കുന്നു കൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾ ശക്തമായ മഴയിൽ ചുറ്റുപാടുകളിലേക്കു ഇടിഞ്ഞു വീഴുകയാണ്. ഇതുകാരണം ഇവർ താമസിച്ചിരുന്ന ഇരുനില വീടിന്റെ തറയിലും ഭിത്തിയിലുമെല്ലാം വിള്ളൽ വീണിട്ടുണ്ട്. ഇതാണ് വീട്ടുകാർ വാടക വീട്ടിൽ അഭയം തേടാൻ കാരണമായത്.മുഹമ്മദും ഭാര്യ നബീസയും മക്കളായ അർഷാദ്, അജ്മൽ ഇവരുടെ ഭാര്യമാരായ സഫ്ന, ഷിഫാന എന്നിവരാണു വീട്ടിൽ താമസിച്ചിരുന്നത്. 10 സെന്റ് പുരയിടത്തിൽ അധികം പഴക്കമില്ലാത്ത ഇരുനില വീടാണ് നിർമാണ കമ്പനിയുടെ നിലപാടു മൂലം അപകടത്തിലായത്. 12000 രൂപ മാസ വാടകയിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് മുഹമ്മദ്. ഇവിടെ രണ്ടു വീടുകളുടെ മതിലിടിഞ്ഞു വീണിരുന്നു. കഴിഞ്ഞ മാസം പഞ്ചായത്ത് അധികൃതർ ഉയരപ്പാത നിർമാണക്കരാർ കമ്പനിക്കു താക്കീത് നൽകി. അവശിഷ്ടങ്ങൾ തള്ളരുതെന്നു കാട്ടി സ്റ്റോപ് മെമ്മോ നൽകിയിരുന്നു. പിന്നെയും അവശിഷ്ടങ്ങൾ തള്ളുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മഴ കനക്കുന്നതോടെ ഇവിടെയും പ്രദേശവാസികൾ അപകട ഭീഷണിയിലാണ് .
Source link


