NEWS
‘പൊതുജനവിശ്വാസം തിരിച്ചുപിടിക്കും’; ട്രസ്റ്റിനെ നയിക്കാൻ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ, അയോധ്യയിലേക്ക് കൃഷ്ണൻ എത്തുമ്പോൾ

ലക്നൗ ∙ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ച കൃഷ്ണ മോഹൻ മുൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായ് രാജിവച്ചതിനെ തുടർന്നാണ് അടിയന്തര നിയമനം. രാമക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളുടെ പൂർണ ചുമതല ഇനി കൃഷ്ണ മോഹനായിരിക്കും. ട്രസ്റ്റ് അംഗങ്ങളുടെ ഐകകണ്ഠ്യേനയുള്ള തീരുമാനപ്രകാരമാണ് ഉത്തർപ്രദേശിലെ ഹർദോയ് ജില്ല സ്വദേശിയായ കൃഷ്ണ മോഹനെ അടുത്തിടെ ട്രസ്റ്റിയായി ഉൾപ്പെടുത്തിയത്.മഹാരാഷ്ട്ര കേഡറിലെ മുതിർന്ന ഐഎഫ്എസ് ഓഫിസറായിരുന്ന അദ്ദേഹം, ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഹർദോയി കേന്ദ്രീകരിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ട്രസ്റ്റിലെ ദലിത് പ്രതിനിധിയായിരുന്ന കാമേശ്വർ ചൗപാലിന്റെ വിയോഗത്തെ തുടർന്നാണ് കൃഷ്ണ മോഹന്റെ കടന്നുവരവ്. ഇതോടെ ഭരണസമിതിയിൽ ദലിത് വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യം ട്രസ്റ്റ് ഉറപ്പാക്കി. കൂടുതൽ വിശാലമായ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ട്രസ്റ്റിന്റെ ഭരണസംവിധാനം ശക്തമാക്കാനും ഈ തീരുമാനം സഹായിച്ചെന്ന് അധികൃതർ പറയുന്നു.
Source link


