NEWS
നനഞ്ഞുപോകില്ല രോഹിണിയുടെ ജീവിതം; അടച്ചുറപ്പുള്ള പുത്തൻ വീടൊരുക്കും

കണ്ണൂർ ∙ ചിറക്കൽ പഞ്ചായത്ത് ആറാം വാർഡിലെ രാഘവൻനഗർ ഉന്നതിയിൽ പനയൻ രോഹിണിക്ക് (72) ഇനി അടച്ചുറപ്പുള്ള പുതിയവീട്ടിൽ കഴിയാം. പരിയാരം കുളപ്പുറം മജ്ലിസുൽ റൗളത്തുൽ മഹുബ്ബിൻ ചാരിറ്റബിൾ ട്രസ്റ്റ് രോഹിണിക്കു വീട് നിർമിച്ചു നൽകും. കെ.വി.സുമേഷ് എംഎൽഎയുടെ നേതൃത്വത്തിലാകും വീടുനിർമാണം. തനിച്ചു താമസിക്കുന്ന രോഹിണിയുടെ ദുരിതജീവിതത്തെക്കുറിച്ച് ‘ചോർന്നൊലിക്കുന്ന ജീവിതം!’ എന്ന പേരിൽ മലയാള മനോരമ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ടാണ് ട്രസ്റ്റ് ചെയർമാൻ ജാഫർ തവറുൽ ചിറമ്മേൽ, ലീഗൽ അഡ്വൈസർ ബി.ഷംനാദ് എന്നിവർ വീട് നിർമിച്ചുനൽകാൻ സന്നദ്ധത അറിയിച്ചത്.കെ.വി.സുമേഷ് എംഎൽഎ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, വൈസ് പ്രസിഡന്റ് മോളി, അംഗങ്ങളായ സി.സജിൻ, അജിത എന്നിവർ രോഹിണിയുടെ വീടു സന്ദർശിച്ചു. സ്ഥലം അമ്മ പൊക്കിയുടെ പേരിലാണ്. രോഹിണിയുടെ സഹോദരങ്ങളെല്ലാം മരിച്ചു. അവരുടെ അനന്തരാവകാശികളിൽനിന്ന് അനുമതി വാങ്ങി വീടു നിർമാണം വേഗത്തിലാക്കുമെന്ന് കെ.വി.സുമേഷ് പറഞ്ഞു. രോഹിണിക്ക് വീട് നിർമിച്ചു നൽകാൻ കാട്ടാമ്പള്ളി കേന്ദ്രമായുള്ള ജി.കാർത്തികേയൻ ഫൗണ്ടേഷനും സന്നദ്ധ അറിയിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഷറഫുദ്ദീൻ കാട്ടാമ്പള്ളി രോഹിണിയുടെ വീട് സന്ദർശിച്ചു. ദലിത് കോൺഗ്രസ് നേതാക്കളായ കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.രാജീവൻ എന്നിവരും വീട് സന്ദർശിച്ചു. രോഹിണിയുടെ ദുരിതജീവിതത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി കെ.എ.തുളസി എന്നിവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് മഹാത്മ അയ്യങ്കാളി കലാസാംസ്കാരികവേദി പ്രസിഡന്റ് രാധാകൃഷ്ണൻ കടൂർ അറിയിച്ചു.
Source link


