NEWS
അടൂർ സർവീസ് സഹകരണ ബാങ്കിൽ 75 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട്; ആരോപണം ഉയർന്നത് മുൻ ബാങ്ക് പ്രസിഡന്റിനെതിരെ

പത്തനംതിട്ട ∙ ബാങ്കിൽ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആ ബാങ്ക് പ്രസിഡന്റ് രാജിവച്ചതു ജില്ല കണ്ടത് അടുത്ത കാലത്താണ്. സിപിഎം നേതൃത്വം നൽകുന്ന അടൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന 75 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അടൂർ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതിയംഗവുമായിരുന്ന ആർ.ഉണ്ണിക്കൃഷ്ണ പിള്ളയുടെ ഭാര്യ പൊൻതാമര പിള്ള ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ബാങ്ക് മുൻ പ്രസിഡന്റും പാർട്ടി അടൂർ ഏരിയ കമ്മിറ്റി അംഗവുമായ പി.രവീന്ദ്രന്റെ നേതൃത്വത്തിലാണു ക്രമക്കേട് നടന്നതെന്നാണ് ഇവർ പരസ്യമായി ആരോപണം ഉയർത്തിയത്.നിക്ഷേപത്തുകയിൽ നിന്നുൾപ്പടെയുള്ള 75 ലക്ഷം രൂപയാണു കാണാതായത്. പൊൻതാമര പ്രസിഡന്റായതിനു ശേഷം നടന്ന പരിശോധനയിൽ, അനധികൃതമായി വായ്പ നൽകിയതായി കണ്ടെത്തിയതായും അഴിമതിക്കു കൂട്ട് നിൽക്കാത്തതിനു തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് അവർ രാജിവച്ചത്.2023 ഏപ്രിൽ 24നു ബിസിനസ് അവസാനിക്കുന്ന സമയം മുതൽ സ്ഥാപനത്തിന്റെ ബാങ്കിങ് ലൈസൻസ് ആർബിഐ റദ്ദു ചെയ്തു. തുടർന്നാണ് ഇത് അർബൻ സഹകരണസംഘമായി പ്രവർത്തനം തുടങ്ങിയത്. മുൻ പ്രസിഡന്റായിരുന്ന സിഐടിയു നേതാവായിരുന്നു 2018 മുതൽ ബാങ്ക് പ്രസിഡന്റ്. അദ്ദേഹത്തെ തന്നെ സൊസൈറ്റി ഭരണം ഏൽപിക്കണമെന്ന് ഒരു വിഭാഗം പാർട്ടി നേതാക്കൾ വാശി പിടിച്ചിട്ടും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി സമ്മതിച്ചില്ല. പകരം നിയോഗിച്ച വ്യവസായിയായ പ്രസിഡന്റിനു ഭരിക്കാനുള്ള അവസരം ബോർഡംഗങ്ങൾ നൽകാത്ത സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ബോർഡ് യോഗം വിളിച്ചാൽ എതിർ വിഭാഗം പങ്കെടുക്കില്ല. നിലവിൽ കഷ്ടിച്ചു ജീവനക്കാരുടെ ശമ്പളം നൽകാൻ മാത്രം കഴിയുന്ന സംഘം ഭീമമായ നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്. ഇത്രയെല്ലാം ഉണ്ടായിട്ടും പാഠം പഠിക്കാതെ ഭരണസമിതികൾ നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു.
Source link


