NEWS
പെരുമ്പളം പാലം വന്നപ്പോൾ ബോട്ടിൽ ആളില്ല; ആളുകൾ വാഹനങ്ങൾ വാങ്ങി, ഓട്ടോറിക്ഷകളിൽ എത്താൻ തുടങ്ങി

അരൂർ ∙ പെരുമ്പളം പാലം യാഥാർഥ്യമായതോടെ പെരുമ്പളം- പാണാവള്ളി ബോട്ട് സർവീസിൽ യാത്രക്കാർ കുറഞ്ഞു. പാലം തുറന്നതോടെ പ്രതിദിനം 8000 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നു ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നു. ദ്വീപിൽ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിച്ചവരെല്ലാം വാഹനങ്ങൾ വാങ്ങിയതാണു ബോട്ടുകളിൽ ആളുകൾ കുറയാൻ കാരണം. ഓട്ടോറിക്ഷകളിൽ ദ്വീപിലേക്ക് ആളുകളെത്താൻ തുടങ്ങിയതും ബോട്ടുകളിൽ യാത്രക്കാർ കുറയാൻ കാരണമായി. ബസ് സർവീസ് കൂടി ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ ബോട്ടുകളിൽ ഇനിയും ആളുകുറയും.പെരുമ്പളം – മാർക്കറ്റ് ഫെറി,പൂത്തോട്ട – പാണാവള്ളി, വാത്തിക്കാട് – പൂത്തോട്ട ഫെറി, ഈറപ്പുഴ – സൗത്ത് പരവൂർ എന്നിങ്ങനെ 48 ട്രിപ്പുകളാണ് ഇരുകരകളിലേക്കുമായി പാണാവള്ളി ജെട്ടിയിൽ നിന്നുള്ളത്. രാവിലെ 5.45നു മാർക്കറ്റ് ജെട്ടിയിൽ നിന്നു തുടങ്ങുന്ന ബോട്ട് സർവീസ് രാത്രി 9.45നു പാണാവള്ളിയിൽ തുടങ്ങി പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ അവസാനിക്കും. പാണാവള്ളി – പൂത്തോട്ട 2 സർവീസുണ്ട്. എല്ലാ സർവീസുകൾക്ക് 6 ബോട്ടുകളാണ് ഇവിടെയുള്ളത്. 98 സ്ഥിരം ജീവനക്കാരും 10 താൽക്കാലിക ജീവനക്കാരുമുണ്ട്. പ്രിൻസിപ്പൽ സ്റ്റേഷൻ മാസ്റ്ററും, അസി. സ്റ്റേഷൻ മാസ്റ്ററുമാണു ചുമതലക്കാർ.
Source link


