NEWS
ഇനിയും കടിച്ചു തൂങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ ‘അമ്മ’ ഓഫിസിനു മുന്നിൽ സത്യാഗ്രഹമിരിക്കും: ശ്വേതയോട് ഉഷ

താരസംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കി താൻ ഇപ്പോഴും ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി ഉഷ. ജനറൽ ബോഡിയിൽ അംഗങ്ങളുടെ എല്ലാവരുടെയും മുമ്പാകെ രാജി പ്രഖ്യാപനം നടത്തിയ പോയ ആൾ ഇനിയും സംഘടനയിൽ കടിച്ചു തൂങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ തങ്ങൾ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’യുടെ ഓഫിസിനു മുന്നിൽ സത്യാഗ്രഹ സമരം ചെയ്യുമെന്ന് ഉഷ വ്യക്തമാക്കി.‘‘ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്. രണ്ടുപ്രാവശ്യം ജനറൽബോഡിയിൽ ഈ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17, 18 പേരാണ്. തുടരേണ്ട എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. ഇതൊന്നല്ല രണ്ട് വട്ടം. ലാലേട്ടൻ രാജിവച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത് ഒരു ഭരണസമിതിമുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി നിൽക്കുകയായിരുന്നു. ദയവുചെയ്ത് ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത്, ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’യുടെ ഓഫിസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യും 10 മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണം കെട്ടു. അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫിസിൽ നിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ. ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം… അതു തകർക്കാൻ ഞങ്ങൾ ആരെയും സമ്മതിക്കില്ല.’’–ഉഷയുടെ വാക്കുകൾ.
Source link


