പണവും സ്വർണവും കൈക്കലാക്കാൻ ഒൻപതുമാസം ഗർഭനാടകം കളിച്ചു; തിരുവനന്തപുരത്തെ ദമ്പതികൾ പിടിയിൽ

ഗർഭിണി (പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: ഗർഭിണിയാണെന്നുപറഞ്ഞ് ഒൻപതുമാസം ബന്ധുക്കളെ കബളിപ്പിച്ച് മുങ്ങിയ യുവതിയും ഭർത്താവും പൊലീസ് പിടിയിൽ. സ്വന്തം അമ്മയുമായുള്ള പിണക്കം തീർക്കാനും ഭർതൃമാതാവിന്റെ സ്വർണം കൈക്കലാക്കാനുമാണ് യുവതിയും ഭർത്താവും ചേർന്ന് നാടകം കളിച്ചത്. തിരുവനന്തപുരം ചെമ്പഴന്തി പറയ്ക്കാട് സ്വദേശികളായ ദമ്പതികളെയും ഇവരുടെ അഞ്ചുവയസുകാരനായ മകനെയുമാണ് ഇന്നലെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നാടകം പുറത്തായത്. കഴിഞ്ഞ ജൂൺ 17 മുതലാണ് ദമ്പതികളെയും മകനെയും കാണാതായത്. ഗർഭസംബന്ധമായ ചികിത്സയ്ക്കായും ഗർഭച്ഛിദ്രം നടന്നതിന്റെ വിഷമത്താലും നാടുവിടുകയാണെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചത്.
അമ്മയുടെ പിണക്കം മാറാനാണ് മാസങ്ങൾക്കുമുൻപ് താൻ ഗർഭിണിയാണെന്ന് യുവതി സ്വന്തം അമ്മയെ അറിയിച്ചത്. ഇതോടെ പിണക്കം മാറിയ അമ്മ സാമ്പത്തിക സഹായമുൾപ്പെടെ നൽകി. തുടർന്നുള്ള ഒൻപത് മാസം വയറ്റിൽ തുണി വച്ചുകെട്ടിയാണ് യുവതി ഗർഭിണിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചത്.
കഴിഞ്ഞമാസം ഒൻപതുമാസം തികഞ്ഞതോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ദമ്പതികൾ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായും ബന്ധുക്കളെ വിവരമറിയിച്ചു. ഇതിനിടെ കുഞ്ഞ് മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവുമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകാനൊരുങ്ങി. ഇതോടെയാണ് ദമ്പതികളുടെ ഗർഭനാടകം പൊളിഞ്ഞത്.
പരതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചാൽ സത്യം പുറത്തുവരുമെന്ന് ഭയന്നാണ് ദമ്പതികൾ മകനെയുംകൂട്ടി നാടുവിട്ടത്. മൊബൈൽ ഫോൺ ഓഫാക്കിയതിനുശേഷമാണ് ഇവർ ഒളിവിൽക്കഴിഞ്ഞത്. എന്നാലിടയ്ക്ക് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചത് പൊലീസിന് പിടിവള്ളിയാവുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന് തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദമ്പതികളെയും മകനെയും ക്രിമിനൽ പരാതികൾ ഇല്ലാത്തതിനാൽ കോടതിയിൽ ഹാജരാക്കിയതിനുശേഷം പിന്നീട് വിട്ടയച്ചു.
RELATED TOPICS: FAKE PREGNANCY CASE KERALA, THIRUVANANTHAPURAM VARTHA, THIRUVANANTHAPURAM FAKE PREGNANCY
Source link
NEWS


