NEWS

കേതന്റെ പാസ്പോർട്ട് എവിടെ? പ്രതികൾ മുൻപും ലോഹഗഡ് കോട്ട സന്ദർശിച്ചു; കസ്റ്റഡി കാലാവധി നീട്ടി


പുണെ∙ യുവ വ്യവസായി കേതൻ അഗർവാൾ കൊലക്കേസിൽ പ്രതികളായ സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും കസ്റ്റഡി കാലാവധി ജൂലൈ 3 വരെ നീട്ടി. ഇരുവരെയും ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി പ്രതികൾ മുൻകൂട്ടി ലോഹഗഡ് കോട്ട സന്ദർശിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സ്ഥലത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയതായി പറയപ്പെടുന്ന സ്ഥലങ്ങൾ കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടണമെന്ന് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കേതൻ അഗർവാളിന്റെ പാസ്‌പോർട്ട് എവിടെയാണെന്ന് കണ്ടെത്താനും സിയ ഗോയലിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രാജശ്രീ വിർകുഡ് കോടതിയെ അറിയിച്ചു.കൊലപാതകം നടന്ന ലോഹഗഡ് കോട്ടയിലെത്തിച്ച് പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. കേതനെ കൊക്കയിലേക്ക് തള്ളിയിട്ടതെങ്ങനെയെന്ന് സിയയെക്കൊണ്ട് ഡമ്മി ഉപയോഗിച്ച് പുനഃരാവിഷ്കാരം നടത്തിയെന്നും കൊലപാതക സ്ഥലത്തേക്ക് എങ്ങനെയെത്തിയെന്ന് സിയ കൃത്യമായി വിശദീകരിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സിയ കൊലപാതക ‘ട്രയൽ’ നടത്തിയെന്ന വിവരം പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് സിയയും കേതനും ലോഹഗഡ് കോട്ടയിലേക്ക് പോയിരുന്നു. ഇവിടെവച്ച് സിയ കേതനെ കൊക്കയിലേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിത്തം കിട്ടിയതിനാൽ കേതൻ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. താൻ വീഴാതിരിക്കാൻ കേതനെ പിടിച്ചപ്പോൾ അബദ്ധത്തിൽ കേതൻ കൊക്കയിൽ വീണു എന്നായിരുന്നു അന്ന് സിയ ബന്ധുക്കളെ വിശ്വസിപ്പിച്ചത്. 


Source link

Back to top button