പിണറായിയുടെ വിമാനയാത്രാ മുടക്കം: പ്രോട്ടോക്കോൾ ഓഫീസറെ സസ്പെൻഡ് ചെയ്തേക്കും

അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള വിമാനയാത്ര തടസപ്പെട്ട സംഭവത്തിൽ ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തേക്കും. നടപടിക്ക് കേരള ഹൗസ് അസിസ്റ്റന്റ് റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് ശുപാർശ ചെയ്തു. സംഭവം അന്വേഷിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശം നൽകി. കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവും തേടി.
സി.പി.എം പി.ബി യോഗത്തിനുശേഷം മടങ്ങവേ ശനിയാഴ്‌ചയാണ് പിണറായിക്ക് ഡൽഹിയിൽ നിന്ന് കോഴിക്കോടേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്ര മുടങ്ങിയത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്ന് ഉച്ചയ്‌ക്ക് 2.50നായിരുന്നു വിമാനം. വി.ഐ.പി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായിയും സെക്രട്ടറിയും വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്ന വിവരം അവസാന നിമിഷമാണ് അറിഞ്ഞത്.
ഇരുവരും ബോർഡിംഗ് ഗേറ്റിലെത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. പിണറായി എത്തിയ വിവരം പ്രോട്ടോക്കോൾ വിഭാഗം ഇൻഡിഗോയെ അറിയിച്ചിരുന്നു. എന്നാൽ, വിമാനം പുറപ്പെടുന്ന വിവരം പിണറായിയെ വിമാനക്കമ്പനി പ്രതിനിധി അറിയിച്ചില്ല. ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ ലോഞ്ചിലുള്ളപ്പോൾ അറിയിക്കാറുണ്ട്.
എന്നാൽ, പ്രതിപക്ഷനേതാവിന് സ്വകാര്യ കമ്പനിയായ ഇൻഡിഗോ ആ സേവനം നൽകാത്തതിനാൽ അനൗൺസ്‌മെന്റ് മാത്രമാണ് നടത്തിയത്. അനൗൺസ്‌മെന്റ് കേട്ട് ഒപ്പമുണ്ടായിരുന്നവർ പിണറായിയെ ബോർഡിംഗ് ഗേറ്റിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സമയം കഴിഞ്ഞിരുന്നു. തുടർന്ന് പിണറായി വൈകിട്ട് 7.15ന്റെ കണ്ണൂർ വിമാനത്തിലാണ് മടങ്ങിയത്. പിണറായിക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ യഥാസമയം ഇടപെടാത്തത് വീഴ്‌ചയാണെന്നാണ് വിലയിരുത്തൽ.
നടപടി വേണ്ടെന്ന് പിണറായി
സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ നടപടി വേണ്ടെന്നാണ് പിണറായി വിജയന്റെ നിലപാടെന്നാണ് സൂചന. ഇതുവരെ പരാതിയും നൽകിയിട്ടില്ല. നടപടി വേണ്ടെന്ന് സർക്കാരിനെ പിണറായി അറിയിച്ചേക്കും.
Source link
NEWS


