NEWS
700 കോടി തട്ടിപ്പ്: ‘സമ്പുഷ്ട യുറേനിയം’ പ്രദർശിപ്പിച്ചും നിക്ഷേപകരെ വീഴ്ത്തി

കൊച്ചി ∙ 700 കോടി രൂപ തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി വിശാഖപട്ടണത്ത് 100 കിലോഗ്രാം ‘സമ്പുഷ്ട യുറേനിയം’ പ്രദർശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചു. യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ‘ആണവായുധം’ നിർമിക്കാൻ വിപിവിവിക്കു കൈമാറിയ സമ്പുഷ്ട യുറേനിയത്തിന്റ വില കിലോഗ്രാമിന് 5 ലക്ഷം രൂപയാണെന്നും കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട് നിക്ഷേപകരോടു പറഞ്ഞു. ഇതിൽനിന്നു പ്രസരിക്കുന്ന ‘ഗാമ’ രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രത്യേകതരം വസ്ത്രങ്ങൾ ധരിപ്പിച്ചാണു മുന്നൂറിലധികം നിക്ഷേപകരെ കമ്പനി ചെലവിൽ 2025 മാർച്ച് അഞ്ചിനു വിശാഖപട്ടണത്ത് എത്തിച്ചത്.തെലങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവെന്നു സ്വയം പരിചയപ്പെടുത്തിയ ‘യലെത്തി പത്മരാജ് ഗോപാൽ’ എന്നയാളായിരുന്നു പരിപാടിയുടെ മുഖ്യസംഘാടകൻ. സമ്പുഷ്ട യുറേനിയം കാരണം ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള മെഡിക്കൽ പരിശോധനകളും നടത്തി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ‘ഡോക്ടർ സാബിനെ’ കവചിത വാഹനത്തിലാണു വേദിയിലേക്കു കൊണ്ടുവന്നത്.
Source link


