NEWS
വെനസ്വേലയിൽ ഇരട്ട ഭൂകമ്പം, ജപ്പാനും കുലുങ്ങി; കാരക്കസിൽ കെട്ടിടങ്ങൾ തകർന്നുവീണു, സൂനാമി മുന്നറിയിപ്പ്

കാരക്കസ് / ടോക്കിയോ ∙ വെനസ്വേലയിലും ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് വൻ ഭൂകമ്പങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയപ്പോൾ വടക്കൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിൽ സൂനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്തു. വെനസ്വേലയിൽ സൂനാമി മുന്നറിയിപ്പുണ്ട്. വെനസ്വേലയിൽ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം.
Source link


