NEWS

ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹെെക്കോടതി. കൗൺസിലർമാർ സത്യപ്രതിജ്ഞ ചടങ്ങിൽ ചട്ടം ലംഘിച്ചെന്നും നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നുമാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സിപിഎം കൗൺസിലർ എസ് പി ദീപക്കാണ് ഇതുസംബന്ധിച്ച ഹെെക്കോടതിയെ സമീപിച്ചത്.

നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി പ്രതിജ്ഞ ചെയ്യാൻ എതിർകക്ഷികളായ അംഗങ്ങളോട് നിർദ്ദേശിക്കണമെന്നും അതുവരെ ഇവരെ കൗൺസിലിൽ നിന്നു വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇവർ വോട്ടുചെയ്തതും ചോദ്യം ചെയ്തിട്ടുണ്ട്.

അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ തുടങ്ങിയവരുടെ പേരിലായിരുന്നു ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നാണ് ഹർജിയിലെ വാദം. നിയമപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ മാത്രമാണ് അനുവദനീയം.

ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം വോട്ടെടുപ്പിന് തൊട്ടു മുൻപ് ദീപക് ചൂണ്ടിക്കാട്ടിയത് തർക്കത്തിനിടയാക്കിയിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്നാണ് കളക്ടർ അനുകുമാരി പ്രതികരിച്ചത്. ഇതിനെ കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ നിർദേശിച്ചിരുന്നു. പിന്നാലെയാണ് ദീപക് ഹെെക്കോടതിയെ സമീപിച്ചത്.

ഹർജിക്ക് പിന്നാലെ 20 കൗൺസിലർമാരിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വാദത്തിനിടെ ദൈവത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തികളേയോ ഗുരുക്കന്മാരേയോ ആൾദൈവങ്ങളേയോ ആരാധിക്കുന്നവരുണ്ട്. ഇതിൽ അവരെ തെറ്റുപറയാനാകില്ല. എന്നാൽ ആരാണ് അവരുടെ കാഴ്ചപ്പാടിലെ ദൈവം? ആൾ ദൈവങ്ങളുടേയും മറ്റും പേരിൽ പ്രതിജ്ഞയെടുക്കുന്നത് നിയമപരമായി നിലനിൽക്കുമോ? എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ വാദം പൂർത്തിയായപ്പോൾ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കുകയായിരുന്നു.


Source link
NEWS

Back to top button