NEWS
വലവിരിക്കുന്നത് മാട്രിമോണി സൈറ്റുകളിൽ; വാഗ്ദാനങ്ങൾ നൽകി പണം തട്ടും, വാഴക്കുളം സ്വദേശിക്ക് നഷ്ടമായത് 50 ലക്ഷം, യുവതി പിടിയിൽ

കൊച്ചി∙ മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ യുവതി യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്.
Source link


