FASHION
സ്റ്റഡ് മുതൽ ഹെലിക്സ് വരെ: പുരുഷ ആഭരണങ്ങളിൽ വൈവിധ്യം നിറയുന്നു

ഒരു സ്വർണമാല, വിവാഹമോതിരം, മതവിശ്വാസത്തിന്റെ പ്രതീകമായ ലോക്കറ്റ്, കഡ… കുറച്ചുകാലം മുമ്പ് വരെ പുരുഷന്മാരുടെ ആഭരണ കളക്ഷൻ ഇത്രമാത്രമായിരുന്നു. ഇന്ന് സ്ഥിതി മാറി. ഒരു ഡയമണ്ട് റിങ്, നേർത്ത ചെയിൻ, ബ്രേസ്ലെറ്റ്, സ്റ്റഡ് കമ്മൽ, മൂക്കുത്തി… തുടങ്ങി അവരുടെ വാർഡ്രോബിൽ സ്റ്റൈലിഷ് ആഭരണങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. പുരുഷന്മാരുടെ ആഭരണങ്ങൾ ഇന്ന് വ്യക്തിത്വം പ്രകടിപ്പിക്കുന്ന ശക്തമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൂടിയാണ്. ബോളിവുഡ് റെഡ് കാർപെറ്റുകളിലും ആഡംബര ഫാഷൻ ക്യാമ്പെയിനുകളിലും സോഷ്യൽ മീഡിയയിലും സ്ട്രീറ്റ് ഫാഷനിലുമെല്ലാം ഈ മാറ്റം വ്യക്തമാണ്. നടന്മാരും കായികതാരങ്ങളും ആത്മവിശ്വാസത്തോടെ ആഭരണങ്ങൾ അണിയുന്നത്, ‘പുരുഷന്മാർക്ക് എന്ത് ധരിക്കാം, എന്ത് ധരിക്കരുത്’ എന്ന പഴയ ധാരണകളെ പൊളിച്ചെഴുതുകയാണ്.രൺവീർ സിങ് തന്റെ പരീക്ഷണാത്മക ഫാഷൻ തിരഞ്ഞെടുപ്പുകളിലൂടെ ആഭരണങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ദിൽജിത് ദോസാഞ്ച് സ്റ്റേജിലും പുറത്തും ചെയിനുകളും റിങ്ങുകളും ബ്രേസ്ലെറ്റുകളും തന്റെ സിഗ്നേച്ചർ സ്റ്റൈലിന്റെ ഭാഗമാക്കി. മലയാളത്തിലും ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ലളിതമായ ആഭരണങ്ങൾ ഉപയോഗിച്ച് സ്റ്റൈലിന് പുതിയ മാനം നൽകുന്നവരാണ്.സെലിബ്രിറ്റികളുടെ സ്വാധീനം ട്രെൻഡിന് വേഗം കൂട്ടിയെങ്കിലും കഥ അവിടെ അവസാനിക്കുന്നില്ല. യുവതലമുറ ആഭരണങ്ങളെ കാണുന്ന കാഴ്ചപ്പാടാണ് യഥാർഥത്തിൽ മാറിയത്. വിവാഹദിവസത്തിനായി മാത്രം വാങ്ങുന്ന ആഭരണമല്ല ഇന്ന് അത്. ദിവസവും ധരിക്കാവുന്ന ഒരു ഫാഷൻ ആക്സസറിയാണ്.അതുകൊണ്ടുതന്നെ ആഭരണ ബ്രാൻഡുകളും ഇന്ന് പുരുഷന്മാർക്കായി പ്രത്യേക കളക്ഷനുകൾ ഒരുക്കുന്നു. ഓഫീസിലും കാഷ്വൽ ഔട്ടിങ്ങിലും ഒരുപോലെ ഉപയോഗിക്കാനാകുന്ന മിനിമൽ ഡിസൈനുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് ബ്രാൻഡുകൾ പറയുന്നു. ഫാഷനിൽ ഇനി സ്ത്രീ-പുരുഷ വേർതിരിവുകളേക്കാൾ വ്യക്തിത്വത്തിനാണ് പ്രാധാന്യം.ഒരു മോതിരമോ ബ്രേസ്ലെറ്റോ ഇന്ന് വെറും അലങ്കാരമല്ല. അത് ഒരാളുടെ സ്റ്റൈലും ആത്മവിശ്വാസവും ജീവിതശൈലിയും പറയുന്ന ഘടകമാണ്. അതുകൊണ്ടാണ് ഇപ്പോൾ ചെറുപ്പക്കാർ സ്വന്തം വസ്ത്രധാരണത്തിനൊത്ത് ആഭരണങ്ങളും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നത്.ഭാരമേറിയ ആഭരണങ്ങളേക്കാൾ ലളിതവും എല്ലാ ദിവസവും ഉപയോഗിക്കാവുന്നതുമായ ഡിസൈനുകളാണ് മുന്നിൽ. നേർത്ത ഡയമണ്ട് ബാൻഡ്, സ്ലിം ചെയിൻ, ബ്രേസ്ലെറ്റ്, കഡ… ഇവയെല്ലാം ഓഫീസ് ലുക്കിനും വീക്കെന്റ് ഔട്ടിങ്ങിനും ഒരുപോലെ ചേരുന്നു.
Source link


