ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരികടത്ത്, കർശന മുന്നറിയിപ്പുമായി മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ : ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെ മറവിൽ ലഹരി കടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . ഓൺലൈനിൽ വിളിച്ചാൽ ഭക്ഷണം എത്തിക്കുന്നവരെ കുറിച്ച് ഗുരുതരമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ചെയ്തതൊക്കെ ചെയ്തു. ഇനി ഈ പരിപാടി അവസാനിപ്പിക്കണം, വെറുതെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ ഫുഡ് ഡെലിവരി ശൃംഖലയായ സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പെടെയുള്ളവ ദുരുപയോഗം ചെയ്ത് ലഹരി എത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും തുടർന്നാൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഓപ്പറേഷന തൂഫാൻ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ആരുടെയും ശുപാർശ പരിഗണിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസുകളും ലഹരി കടത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അവയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
Source link
NEWS


