NEWS

ഒളിച്ചുകടന്നത് ചാർട്ടേഡ് വിമാനങ്ങളിൽ, യുപിയിലെ ആഡംബര ഹോട്ടലിൽ താമസം; ശിവസേനയെ പിളർത്തിയ ‘ഓപ്പറേഷൻ ടൈഗർ’


മുംബൈ ∙ ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെ. ജൂൺ 16 ചൊവ്വാഴ്ചയാണ് വിമത നീക്കങ്ങൾക്ക് തുടക്കമായത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെയോ മാധ്യമങ്ങളുടെയോ കണ്ണിൽ പെടാതെ 6 എംപിമാരും ഒളിച്ചുകടക്കുകയായിരുന്നു. മുംബൈയിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും ചാർട്ടേഡ് വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്.ഡൽഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയമുണർത്താതിരിക്കാൻ എംപിമാരെ നഗരത്തിലെ ഹോട്ടലുകളിൽ താമസിപ്പിച്ചില്ല. പകരം ഉത്തർപ്രദേശിലെ നോയിഡയിലുള്ള അതീവ സുരക്ഷിതമായ ആഡംബര ഹോട്ടലിലേക്കാണ് മാറ്റിയത്. എംപിമാർ മുംബൈയുടെ പരിധി വിട്ട ശേഷമാണ് ഉദ്ധവ് ക്യാംപ് വിവരമറിയുന്നത്. ജൂൺ 17 ബുധനാഴ്ച രാത്രിയോടെയാണ് നാടകീയ നീക്കങ്ങൾ അതിന്റെ നിർണായക ഘട്ടത്തിലെത്തിയത്. നോയിഡയിലെ ഹോട്ടലിൽ നിന്ന് പുറപ്പെട്ട എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തി. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തങ്ങളാണ് യഥാർഥ ശിവസേനയെന്നും അവകാശപ്പെട്ട് വിമതർ സ്പീക്കറെ സമീപിച്ചിട്ടുണ്ട്. അതേസമയം, ഈ വിഭാഗത്തിനു യാതൊരു അംഗീകാരവും നൽകരുതെന്ന് ഉദ്ധവ് പക്ഷത്തെ നേതാക്കളായ അരവിന്ദ് സാവന്തും അനിൽ ദേശായിയും സ്പീക്കറോട് അഭ്യർഥിച്ചു. ഇരുപക്ഷത്തിന്റെയും പരാതികൾ‌ സ്വീകരിച്ച സ്പീക്കർ ഓം ബിർലയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും എംപിമാരുടെ രാഷ്ട്രീയ ഭാവി.


Source link

Back to top button