NEWS

ഭൂനിയമം പൊളിച്ചെഴുതും, വരും വീഞ്ഞുനയം; നികുതികൾ കൂട്ടുമോ? സതീശൻ‌ ബജറ്റിന്റെ പിൻ‌ബലം 10000 കോടി മാത്രം


തിരുവനന്തപുരം∙ സംസ്ഥാനത്തെ തുറമുഖ, ഏവിയേഷന്‍ ഹബ്ബാക്കി മാറ്റാനുള്ള നടപടികളും കടുത്ത സാമ്പത്തിക അച്ചടക്കത്തിനുള്ള നിലപാടുകളും ജനപ്രിയ പദ്ധതികള്‍ക്കുള്ള വകയിരുത്തലുകളും സമന്വയിപ്പിച്ച് വിസ്മയ ബജറ്റ് അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍. അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോഴാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കുന്നത്. ആര്‍.ശങ്കറിനും ഉമ്മന്‍ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയെന്ന നേട്ടവും സതീശനു സ്വന്തമാകും. 2011ല്‍ ധനമന്ത്രിസ്ഥാനവും ബജറ്റ് അവതരണവും രാഷ്ട്രീയ കാരണങ്ങളാല്‍ വഴിമാറിപ്പോയ സതീശനെ 15 വര്‍ഷങ്ങള്‍ക്കിപ്പുറത്താണ് ചരിത്രനിയോഗം തേടിയെത്തുന്നത്. ബജറ്റിൽ എന്തൊക്കെയാകും. സൂചനകൾ ഇവയാണ്. റവന്യു കമ്മി ഗ്രാന്റ് ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നു കിട്ടുമെന്നു കരുതിയ 14,317 കോടി രൂപ കിട്ടാതിരിക്കുകയും കേന്ദ്ര നികുതി വിഹിതത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 5,000 കോടി രൂപയോളം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ബാക്കിയുള്ളത് 10,000 കോടി രൂപയാണ്.∙ കിഫ്ബി അഴിച്ചു പണിയും, നികുതികൾ കൂടുമോ ∙ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കിഫ്ബിയെ ധനമന്ത്രാലയത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കി സമ്പൂര്‍ണ പൊളിച്ചെഴുത്താണ് ബജറ്റില്‍ ഏറ്റവും പ്രധാനമായി പ്രതീക്ഷിക്കുന്നത്. ധവളപത്രത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാവും പരിഷ്‌കാരങ്ങള്‍. ∙ നികുതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം എന്നിവയില്‍ കൃത്യമായ പുനഃക്രമീകരണം ബജറ്റിലുണ്ടാകും. ജിഎസ്ടി വെട്ടിപ്പ് തടയാന്‍ ശക്തമായ നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ∙ വരുമാനവര്‍ധന കണ്ടെത്താന്‍ ഇന്ധന നികുതി, ഭൂനികുതി, വാഹനനികുതി മദ്യനികുതി, ഭൂമിയുടെ ന്യായവില തുടങ്ങി സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന വര്‍ധനവുകള്‍ ഉണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ദിരാ ഗ്യാരന്റിക്ക് അപ്പുറത്തേക്ക് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെ ഉണ്ടാകാനും സാധ്യതയില്ല. ∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ, അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയില്‍ വ്യക്തത, ശമ്പള പരിഷ്‌കരണ കമ്മിഷന്റെ പുനസംഘടന, മെഡിസെപ്പില്‍ പുനപരിശോധന. ഭവന നിര്‍മാണ വായ്പ പദ്ധതി പുനസ്ഥാപിക്കല്‍ എന്നിവ ബജറ്റിലുണ്ടാകും. ∙ 25 ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഘടന. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1,000 രൂപ പ്രതിമാസം സഹായം നല്‍കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ എന്നിവ ബജറ്റില്‍ അറിയാം. ക്ഷേമ പെന്‍ഷന്‍ 3,000 രൂപയിലേക്ക് എത്തിക്കാന്‍ ആദ്യഘട്ടത്തില്‍ 100 രൂപയുടെയെങ്കിലും വര്‍ധന പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ഭാവിയും ബജറ്റിലറിയാം. ∙ 13 തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടലിലൂടെ ചരക്കുനീക്കവും സഞ്ചാരവും സാധ്യമാക്കുന്ന മിഷന്‍ സമുദ്ര പദ്ധതിക്കു മുന്‍ഗണനയുണ്ടാകും. ∙വ്യവസായ നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്തുണ്ടാകും. ∙ അഞ്ചു വര്‍ഷം കൊണ്ടും ഒരു വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളുടെ പട്ടിക പ്രഖ്യാപിക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള തുടര്‍ നടപടികള്‍. ∙അധികം വരുന്ന പഴങ്ങള്‍ ഉപയോഗിച്ച് വീഞ്ഞുല്‍പാദിപ്പിക്കാന്‍ വീഞ്ഞു നയം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി ആരോഗ്യ ഇന്‍ഷുറന്‍സ്, പിഎസ്സി സംവരണം, പാര്‍പ്പിട പദ്ധതി. കൃഷി ചെയ്യുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് തുടങ്ങി നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.


Source link

Back to top button