NEWS
എഡിജിപി ഓഫിസിൽ എസ്ഐടി; സന്ദർശക റജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

തിരുവനന്തപുരം∙ നവകേരള യാത്രയ്ക്കിടെ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാസംഘവും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ റിപ്പോര്‍ട്ട് തിരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫിസില്‍ എസ്ഐടി സംഘം പരിശോധന നടത്തി. ഓഫിസിലെ സന്ദര്‍ശക റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും എസ്ഐടി സംഘം പരിശോധിച്ചു. പൊലീസ് ക്ലബ്ബായ അഗസ്ത്യയിലെ റൂം റജിസ്റ്ററും സംഘം ശേഖരിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി ഓഫിസ് കേന്ദ്രീകരിച്ചു നടത്തിയ ശ്രമങ്ങളുടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണു ലക്ഷ്യം. പൊലീസ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫിസില്‍ ഒരു പ്രത്യേക അന്വേഷണസംഘം കേസിന്റെ ഭാഗമായി പരിശോധന നടത്തുന്നത്. നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് തിരുത്തി, മര്‍ദിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന റഫര്‍ റിപ്പോര്‍ട്ടാണ് ആദ്യ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് എഡിജിപിയുടെ ഓഫിസാണു തയാറാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന് പെന്‍ഡ്രൈവിലാക്കി കൈമാറിയ കേസ് ഡയറി ഈ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാര്‍ ചേര്‍ന്നു തിരുത്തി നല്‍കിയെന്നും എസ്ഐടിക്കു വിവരം ലഭിച്ചിരുന്നു. എഡിജിപി എം.ആര്.അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്ന് ഈ ഗ്രേഡ് എസ്ഐമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
Source link


