NEWS

കൊല്ലത്ത് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ഷിഗെല്ല; പാറമടയിലെ വെള്ളം സ്കൂളിലെ കിണറ്റിൽ നിറച്ചതാണ് കാരണമെന്ന് പരാതി


ശാസ്താംകോട്ട∙ സ്കൂളിലെ മലിന ജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. പോരുവഴി ഇടയ്ക്കാട് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാംമൈലിലെ സ്വകാര്യ സ്കൂളിലെ വെള്ളം കുടിച്ച് നൂറിലേറെ കുട്ടികൾ ചികിത്സ തേടിയ സംഭവത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. എന്നാൽ സ്‌കൂളിലെ വളരെ ചുരുക്കം കുട്ടികൾ മാത്രമാണ് സാംപിളുകൾ നൽകിയത്. സ്കൂളിലെ കുഴൽക്കിണറിന്റെ പമ്പ് സെറ്റ് തകരാറിലായതോടെ പുറത്തെ ഏജൻസിയെ വിളിച്ചാണ് 3ന് ഉച്ചയ്ക്ക് ടാങ്കിൽ വെള്ളം നിറച്ചത്. ഇത് ഉപയോഗിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ വിവിധ ആശുപ്രതികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്കൂളിലെ കിണർ, ടാങ്ക് എന്നിവിടങ്ങളിൽ നിന്ന് ജല സാംപിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ, ജലത്തിൽ കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. റിപ്പോർട്ടിൽ അസ്വാഭാവികമായ പല ഘടകങ്ങളും കണ്ടെത്തിയതിനെ തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി ജല സാംപിളുകൾ കൊല്ലത്തെ സർക്കാർ ലാബിലേക്ക് അയച്ചു. പാറമടയിലെ വെള്ളം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ടാങ്കുകളിൽ എത്തിച്ച് സ്കൂളിലെ കിണറ്റിൽ നിറച്ചതാണ് പ്രശ്നത്തിനു കാരണമെന്നും ഇത് അധികൃതർ പരിശോധിച്ചില്ലെന്നും പരാതിയുണ്ട്.


Source link

Back to top button