NEWS

പത്മകുമാറിന്റെ വെളിപ്പെടുത്തൽ തൽക്കാലമില്ല; നടപടി സസ്‌പെൻഷനിൽ ഒതുക്കിയതിൽ സിപിഎം നേതാക്കൾക്ക് അതൃപ്‌തി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സിപിഎം നേതാവ് എ പത്മകുമാർ ഉടൻ വെളിപ്പെടുത്തൽ നടത്തില്ലെന്ന് വിവരം. പാർട്ടി നടപടി സസ്‌പെൻഷനിൽ ഒതുങ്ങിയതാണ് ഇതിന് കാരണം. നേരത്തേ, ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുമെന്ന് പത്മകുമാർ പറഞ്ഞിരുന്നു. ഇതൊരു സമ്മർദ തന്ത്രമായിരുന്നു എന്നാണ് പത്തനംതിട്ട ജില്ലയിലെ പല പാർട്ടി നേതാക്കളുടെയും വിലയിരുത്തൽ. പത്മകുമാറിനെതിരായ നടപടി മയപ്പെടുത്തിയതിൽ ഭൂരിഭാഗം നേതാക്കളും അതൃപ്‌തിയിലാണ്. അതേസമയം, പാർട്ടി നടപടി പത്മകുമാർ അംഗീകരിച്ചതായാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് സമയത്ത് ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടും പത്മകുമാറിനെതിരെ സിപിഎം നടപടിയെടുക്കാത്തതിൽ വലിയ സംശയങ്ങൾ ഉയ‌ന്നിരുന്നു. പത്മകുമാറിനെ സംരക്ഷിക്കാനുള്ള കാരണമെന്താണെന്നും ചോദ്യമുയർന്നിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അതുവരെ പത്മകുമാറിനെ കുറ്റക്കാരനായി കാണാനാകില്ല എന്നാണ് സംസ്ഥാന നേതൃത്വം ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നടന്ന അവലോകന യോഗങ്ങളിലും ഇത് ചർച്ചയായി. തുടർന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.

അതേസമയം, ആത്മകഥാ വെളിപ്പെടുത്തൽ പാർട്ടി നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിശദീകരണം, പത്മകുമാറിന്റെ സസ്‌പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്നശേഷം നടത്തുമെന്ന നിലപാടിലാണ് സിപിഎം. ചെയ്‌ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.


Source link
NEWS

Back to top button